പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ശബരിമല പമ്പാ തിവേണിയിൽ ജലനിരപ്പ് ഉയർന്നു. വൈകുന്നേരത്തോടെ ഇവിടെ വേഗത്തിൽ ജലനിരപ്പ് ഉയരുകയായിരുന്നു. മണപ്പുറവും ആറാട്ട് കടവും കവിഞ്ഞാണ് ഇപ്പോർ വെള്ളം ഒഴുകുന്നത്.

ഉച്ചക്ക് ശേഷം ഒരു മീറ്ററോളം വെള്ളം ത്രിവേണിയിൽ ഉയർന്നിട്ടുണ്ട്. വളരെ വേഗതയിൽ കലക്ക വെള്ളം കുത്തിയൊലിച്ച് വരുന്നത് കാരണം ത്രിവേണിക്കു കിഴക്ക് വനത്തിൽ ഉരുൾ പൊട്ടലുണ്ടായോ എന്ന സംശയവുമുണ്ട്. കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിരിക്കുന്നതുമുലം ആ വെള്ളവും ത്രിവേണിയിലേക്ക് എത്തുന്നുണ്ട്. ശബരിമല വനങ്ങളിൽ ഉച്ചക്ക് ശേഷം കനത്ത മഴയാണ് ചെയ്യുന്നത്.

കനത്ത പേമാരിയെ തുടർന്ന് റാന്നി ചുങ്കപ്പാറ മേഖലകളിൽ ഇന്ന് പുലർച്ചെയുണ്ടായ വെള്ളപൊക്കം ക്രമേണ താഴ്ന്ന് വന്നപ്പോഴാണ് വൈകുന്നേരത്തോടെ ത്രിവേണിയിൽ പൊടുന്നനവേ വെള്ള നില ഉയർന്നത്. ശക്തമായ ഒഴുക്കുണ്ടെങ്കിൽ ത്രിവേണിയിൽ നിന്ന് അഞ്ച് മണിക്കൂർ കൊണ്ട് വെള്ളം റാന്നിയിലും എട്ട് മണിക്കൂറിൽ കോഴഞ്ചേരിയിലും എത്തും. പമ്പാനദിയിൽ ജലനിരപ്പ് കൂടിയതോടെ ആറന്മുള വള്ള സദ്യക്കായി നീരണിഞ്ഞ് നദീ തീരങ്ങളിൽ ഉള്ള പള്ളിയോടങ്ങൾ കരക്കാർ കൂടുതൽ സുരക്ഷിതമാക്കി ബന്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത മഴ മൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കക്കാട്ടാറിന്റ തീരത്ത് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആങ്ങമൂഴി-ഗവി പാതയില്‍ അരണമുടിയില്‍ വീണ്ടും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇവിടെ രണ്ട് തവണ മണ്ണിടിച്ചിൽ ഉണ്ടായി എങ്കിലും ഏറെ ശ്രമകരമായി അത് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും റോഡിലേക്ക് മലയുടെ ഭാഗം ഇടിഞ്ഞ് വീണത്. പേമാരിയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകള്‍ തകര്‍ന്നിട്ടുണ്ട്.