അതി സങ്കീർണമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. വിവിധ ജാതികളും ഉപജാതികളുമൊക്കെയായി വർഷങ്ങളുടെ പഴക്കമുള്ള സാമൂഹിക വ്യവസ്ഥയെ വരുതിയിലാക്കാൻ ഇക്കാലമത്രയും ഇന്ത്യൻ ഭരണകൂടങ്ങൾക്ക് പോലും സാധിച്ചിട്ടില്ല. ഇന്ത്യക്കാർക്കൊപ്പം ഇന്ത്യൻ സംസ്കാരിക മൂല്യങ്ങളും ശൈലികളുമെല്ലാം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കാലമാണ്. അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് നിരവധി ഇന്ത്യക്കാരാണ് കുടിയേറിക്കൊണ്ടിരിക്കുന്നത്.

യുഎസിലെ തൊഴിലിടങ്ങളിൽ ഇന്ത്യക്കാർക്കിടയിലെ ജാതി, കുടുംബപാരമ്പര്യ വ്യവസ്ഥകൾ കുഴപ്പങ്ങളുണ്ടാക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരിൽ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയർ നൽകിയ പരാതിയിൽ നെറ്റ് വർക്കിങ് കമ്പനിയായ സിസ്കോ ഇപ്പോൾ നിയമക്കുരുക്കിലാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നില്ല.

രാജ്യത്ത് ജാതിയതയെ വിലക്കുന്ന നിയമങ്ങളില്ലെങ്കിലും ജീവനക്കാർക്കിടയിലെ ജാതീയതയെ നിരോധിക്കാൻ കമ്പനി നയങ്ങളിലും പെരുമാറ്റ ചട്ടങ്ങളിലും പരിഷ്കാരം വരുത്തി മാതൃക കാണിച്ച സ്ഥാപനമാണ് ആപ്പിൾ. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ നിലവിലുള്ള വിഭാഗങ്ങൾ ഉൾപ്പെടുത്തി ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തമായി നിരോധിക്കുന്നതിനായി രണ്ട് വർഷം മുമ്പ് ജീവനക്കാരുടെ പെരുമാറ്റ നയം ആപ്പിൾ പരിഷ്കരിച്ചിരുന്നു. 2020 സെപ്റ്റംബർ മുതൽ തൊഴിടത്തിലെ തുല്യ പരിഗണന, പീഡന വിരുദ്ധ വിഭാഗങ്ങളിൽ ജാതിയെ കൂടി ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ആദ്യമായാണ് ഒരു അമേരിക്കൻ കമ്പനി ജാതിയത നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഇതിന് കാരണമായത് സിസ്കോയ്ക്കെതിരെയുള്ള കേസാണ്.

വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാർക്ക് ഭൂരിപക്ഷമുള്ള കമ്പനിയാണ് സിസ്കോ സിസ്റ്റംസ്. തന്റെ കരിയറിന് മേൽ ജാതിയിൽ പെട്ട ഉദ്യോഗസ്ഥർ തടസം നിൽക്കുന്നു എന്നാരോപിച്ചുകൊണ്ട് ഒരു ഇന്ത്യൻ എഞ്ചിനീയർ നൽകിയ പരാതിയിലാണ് 2020 ൽ കാലിഫോർണിയയിലെ തൊഴിൽ വകുപ്പ് കേസെടുത്തത്.

എന്നാൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു സിസ്കോ പ്രതികരിച്ചത്. കാലിഫോർണിയയിൽ ജാതി എന്നത് ഒരു സംരക്ഷിത വിഭാഗം അല്ലാത്തതിനാൽ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വിവേചനത്തിന്റെ തെളിവുകളൊന്നുമില്ലെന്നാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതെന്നും കമ്പനി ചൂണ്ടിക്കാണിച്ചു.

എന്നാൽ ഈ കേസ് ഒത്തുതീർപ്പാക്കാനുള്ള സിസ്കോയുടെ നീക്കം കാലിഫോർണിയ അപ്പീൽസ് കോടതി തടഞ്ഞു. അടുത്ത വർഷം തന്നെ ഈ കേസ് ഒരു പൊതുകോടതിയിലെത്തിയേക്കും.

തൊഴിലിടത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ കേസാണിത്. ജാതി വ്യവസ്ഥയെയും കുടുംബ പാരമ്പര്യവും നോക്കിയുള്ള വർഷങ്ങളുടെ പഴക്കമുള്ള സംവിധാനത്തെ നേരിടാൻ വൻകിട അമേരിക്കൻ സാങ്കേതിക വിദ്യാ കമ്പനികളെ നിർബന്ധിതരാക്കിയത് ഈ കേസാണ്.

ഈ കേസിന്റെ വെളിച്ചത്തിൽ അമേരിക്കൻ വിവേചന നിയമം പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും തൊഴിലാളി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജാതിയതയെ തടയാൻ കമ്പനികൾ അവരുടെ നയങ്ങൾ പരിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മറ്റൊരു ടെക്ക് ഭീമനായ ഐബിഎമ്മും ജാതിയെ തങ്ങളുടെ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിസ്കോയ്ക്കെതിരെ കേസ് വന്നതിന് ശേഷം തങ്ങളുടെ ആഗോള വിവേചന നിയമങ്ങളിൽ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രത്യേക നയങ്ങളും ഐബിഎം ചേർത്തിട്ടുണ്ട്.

അതേസമയം ആമസോൺ, ഡെൽ, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലുള്ള കമ്പനികൾ ജാതിയെ ആഗോള നയത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ലെന്നും റോയിട്ടേഴ്സ് പറയുന്നു.