വാഷിംഗ്ടണ്‍: കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയുമെന്ന് അമേരിക്കന്‍ ആരോഗ്യമന്ത്രാലയം. വൈറ്റ്ഹൗസിലെ കൊറോണ വൈറസ് പ്രതികരണ ഏകോപന ഉദ്യോഗസ്ഥനായ ഡോ. ആഷിഷാണ് ഇരു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചത്.

അമേരിക്കയിലെയും ഇന്ത്യയിലെയും മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധകുത്തിവയ്പ് നല്‍കാന്‍ സാധിച്ചു. കോവിഡ്മൂലം വലഞ്ഞ മറ്റുരാജ്യങ്ങള്‍ക്ക് മരുന്നുകളായും മറ്റുമുള്ള സഹായം എത്തിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ രണ്ടുരാജ്യങ്ങള്‍ക്കും സാധിച്ചു. ഇന്ത്യയുടെ 75 ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനുഷിക മാഹാത്മ്യം, സ്വാതന്ത്ര്യം, വൈവിധ്യം, വിശ്വാസം, നിയമവ്യവസ്ഥ തുടങ്ങിയവയാണ് ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകങ്ങളെന്ന് ഡോ. ആഷിഷ് പറഞ്ഞു.