ജമ്മു: ജമ്മു കശ്മീരിലെ പഹൽഗാമിൽ, ഐടിബിപി (ITBP) ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം.