ലബനനിൽ പോയി തിരിച്ചുവന്നശേഷമാണ് മകന്റെ സ്വഭാവം മാറിയതെന്ന് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മതാറിന്റെ അമ്മ സിൽവാന ഫർദോസ്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘‘2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദർശിച്ചത്. തിരിച്ചെത്തിയ ഹാദിയുടെ സ്വഭാവം പൂർണമായും മാറി. പഠനം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം മുറിയിൽ ഒതുങ്ങിക്കൂടി. മാസങ്ങളോളം തന്നോടോ സഹോദരിയോടോ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി. പകൽ ഉറങ്ങുകയും രാത്രിയിൽ ഉണരുകയുമായിരുന്നു പതിവ്.

വിദ്യാഭ്യാസം നേടണമെന്ന് പറഞ്ഞതിൽ പ്രകോപിതനായി. ഹാദിയുമായി യാതൊരു ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ല. എനിക്ക് രണ്ട് കുട്ടികൾകൂടിയുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കണം’’– ഫർദോസ് പറഞ്ഞു. ഹാദിയുടെ രക്ഷിതാക്കൾ ലബനൻ സ്വദേശികളാണ്. 

പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കു കുത്തേറ്റത്. വേദിയിലേക്കു പാഞ്ഞെത്തിയ ഹാദി മതാർ റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.