തന്റെ പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി അക്ഷയ് കുമാർ. ഇന്ത്യയിൽ ജനിച്ച് അക്ഷയ് കുമാറിന് കാനേഡിയൻ പൗരത്വമാണുള്ളത്. ഇതിന്റെ പേരിൽ നടനെതിരേ വിമർശനവുമായി പലരും രംഗത്തെത്താറുണ്ട്. ഒരു അഭിമുഖത്തിലാണ് അക്ഷയ് തന്റെ പൗരത്വത്തെക്കുറിച്ച് പ്രതികരിച്ചത്.

വർഷങ്ങൾക്ക് മുൻപ് എന്റെ സിനിമകൾ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടിൽ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകൾ ജോലി ചെയ്യാൻ അന്യ നാടുകളിലേക്ക് പോകുന്നു. അവർ ഇന്ത്യയ്ക്കാർ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കിൽ മറ്റൊരു നാട്ടിൽ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കാനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. 

എന്നാൽ ഭാഗ്യവശാൽ അതിന് ശേഷം എന്റെ സിനിമകൾ വിജയിക്കാൻ തുടങ്ങി. ഞാൻ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയൻ പാസ്പോർട്ട് ആണുള്ളത്. എന്താണ് പാസ്പോർട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ആവശ്യമായ രേഖ, അത്രമാത്രം. ഞാൻ ഇന്ത്യക്കാരനാണ്, എപ്പോഴും അതങ്ങനെ ആയിരിക്കും. ഞാൻ ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു- അക്ഷയ് കുമാർ പറഞ്ഞു.

ആനന്ദ് എൽ റായി സംവിധാനം ചെയ്ത രക്ഷാബന്ധനായിരുന്നു അക്ഷയ് അവസാനമായി അഭിനയിച്ച ചിത്രം. ആഗസ്റ്റ് 11 റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിന് ശേഷം അക്ഷയ് പ്രതീക്ഷയോടെ റിലീസ് കാത്തിരുന്ന ചിത്രമാണിത്. വാരാന്ത്യം കഴിഞ്ഞിട്ടും ചിത്രത്തിന് വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. കൂടാതെ ഒട്ടേറെ തിയേറ്ററുകളിൽ ഷോ ഒഴിവാക്കുകയും ചെയ്തു.