രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന് എതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഉള്‍പ്പാര്‍ട്ടി പ്രശ്നത്തില്‍ നരേന്ദ്ര മോദി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശമാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഒരക്ഷരം പ്രധാനമന്ത്രി മിണ്ടിയില്ലെന്ന് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള കക്ഷികളും കുറ്റപ്പെടുത്തിയ

കായിക താരം പോലും അല്ലാതിരുന്നിട്ടും ബി സി സി ഐയുടെ തലപ്പത്തിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മകനും ബിജെപി എംഎൽഎയുമായ പങ്കജ് സിങ്, വസുന്ധര രാജ സിന്ധ്യക്കൊപ്പം അതേ കുടുംബത്തിൽ നിന്ന് കേന്ദ്ര മന്ത്രി സഭയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രേംകുമാര്‍ ധുമലിന്‍റെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ പേരുകൾ നിരത്തിയാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.

സ്വന്തം മന്ത്രിസഭയിൽ ഉള്ളവരുടെ കുടുംബ രാഷ്ട്രീയ പശ്ചാത്തലം പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയോ എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് പഴയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എട്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലേയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി. 

ചരിത്രത്തെ വളച്ചൊടിച്ച് ഗാന്ധിജിയേയും നെഹ്റുവിനെയും അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് സോണിയ ഗാന്ധിയും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍  പ്രതിഷേധിച്ച് എ ഐ സി സിയില്‍ പതാക ഉയര്‍ത്തിയ ശേഷം നേതാക്കള്‍ ഗാന്ധിജി വെടിയേറ്റ് വീണ ബിർള ഹൗസിലെ സ്മൃതി മണ്ഡപത്തിലേക്ക്  പദയാത്ര നടത്തി.