പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ പുലിവാല് പിടിച്ചു. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന്‍ ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വീണ്ടും വിവാദം സൃഷ്ടിച്ചത്.

പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇന്ത്യ ഈ ഭാഗത്തെ വിളിക്കുന്നത്. പാക്കിസ്ഥാനാണ് ഈ പ്രദേശത്തെ സ്വതന്ത്ര കാശ്മീര്‍ എന്ന അര്‍ത്ഥത്തില്‍ ആസാദ് കാശ്മീര്‍ എന്ന് വിളിച്ചു പോരുന്നത്. പാക്കിസ്ഥാന്റെ കയ്യിലിരിക്കുന്ന ഈ ഭാഗത്തിന്റെ രാഷ്ട്രീയ അസ്ഥിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

മാത്രമല്ല ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്‍ വിളിക്കുന്ന പോലെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ജലീല്‍ ഫേസ് ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ് ബുക്ക് കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.