തീര സംരക്ഷണ സമരം ശക്തമാക്കാന്‍ തിരുവന്തപുരം ലത്തീന്‍ അതിരൂപത. പതിനാറാം തിയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും. തുറമുഖത്തേക്ക് കരിങ്കൊടി കെട്ടി ബൈക്ക് റാലി നടത്തും. ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തടഞ്ഞ് തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താനാണ് നീക്കം.

സ്വാതന്ത്ര്യദിനത്തില്‍ അതിരൂപത പ്രഖ്യാപിച്ച കരിദിനം 16ലേക്ക് മാറ്റുകയായിരുന്നു. കടല്‍ക്ഷോഭത്തില്‍ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് 15 ന് കരിദിനമാചരിക്കാന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകള്‍ക്ക് സര്‍ക്കുലര്‍ നല്കിയത്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിലെ കരിദിനാചരണത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് 16 ന് കരിദിനം ആചരിക്കാനും വിഴിഞ്ഞം അദാനി പോര്‍ട്ടിന്റെ കവാടത്തില്‍ രാപ്പകല്‍ സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചത്.

പോര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിര്‍മാണം അശാസ്ത്രീയമായാണെന്നും ഇതാണ് കടലാക്രമണത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. വള്ളങ്ങളും ബോട്ടുകളും നിരത്തി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് റോഡ് ഉപരോധിച്ചു.

വിഴിഞ്ഞം പോര്‍ട്ട് കൊണ്ട് കേരളത്തിന് ഒരു നേട്ടവും കിട്ടില്ലെന്നും പരിഹാരം കാണുന്നത് വരെ പോരാടുമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.