‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. സിനിമയുടെ പത്ര പരസ്യമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്.

സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയിൽ എഴുതിയാൽ അത് പാർട്ടിയുടെ നിലപാടാകില്ലെന്നും കൊടിയേരി പറഞ്ഞു. 

തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് വിവാദത്തിനിടയായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമർശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്ത് ഈ പരസ്യവാചകം വന്നതാണ് ചർച്ചകൾക്ക് ആക്കം കൂട്ടിയത്. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെയാളുകൾ രംഗത്തെത്തി.

സി.പി.എമ്മിന്റെ സൈബർ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങളുമുയർന്നു. സർക്കാറിനെതിരേയുള്ള വിമർശനമാണ് ഇതെന്നായിരുന്നു ആരോപണം. ആർക്കെങ്കിലും കൊണ്ടെങ്കിൽ അവർ സിനിമ കാണേണ്ടെന്നും തന്റെ സിനിമയിൽ കുഴിയെക്കുറിച്ച് പരാമർശമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.