പരസ്യത്തിൽ കുഴിയെപ്പറ്റിയുള്ള പരാമർശം സർക്കാരിനെ അപമാനിക്കാനെന്ന ആരോപണമുയർത്തി സിനിമയ്ക്കെതിരെ സൈബർ ആക്രമണം. സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ ‘ഇതാണോ ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന മറുചോദ്യമുയർത്തി പ്രശസ്തരുൾപ്പെടെ മറുചേരിയിലും നിരന്നതോടെ ‘പരസ്യത്തിലെ കുഴി’ വൈറലായി. പരസ്യത്തെ പരസ്യം മാത്രമായി കണ്ടാൽ മതിയെന്ന പ്രതികരണവുമായി പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് തന്നെ എത്തിയതോടെ ബഹിഷ്കരണാഹ്വാനത്തിന്റെ മുനയൊടിഞ്ഞു. 

‘ന്നാ, താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ പരസ്യ വാചകത്തെച്ചൊല്ലിയാണു പോര്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു പരസ്യത്തിലെ വാചകം. ഇടതുപക്ഷ സഹയാത്രികരിൽ ചിലരാണ് ഇതു ജനകീയ സർക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണെന്നും റോഡിലുള്ള ചെറിയ കുഴികളെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്. 

കുഴിപ്രശ്നത്തെ പരസ്യത്തിനായി ഉപയോഗിച്ചവർക്ക് അഭിനന്ദനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. പരസ്യത്തെ വിമർശിക്കുന്നത് അസഹിഷ്ണുതയുടെ ആൾരൂപങ്ങളാണെന്നും സമൂഹമാധ്യമത്തിൽ ജോയ് മാത്യു കുറിച്ചു. വിവാദത്തിൽ സിനിമയ്ക്കൊപ്പമാണെന്നും തിയറ്ററിൽ തന്നെ കാണാനാണു തീരുമാനമെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾക്കു സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, സിനിമയുടെ പരസ്യമാണതെന്നും ആ നിലയ്ക്ക് എടുത്താൽ മതിയെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ, പൊതുമരാമത്തു വകുപ്പിന്റെ കേടായ റോഡ് റോളറിനെക്കുറിച്ചുള്ള വിമർശനവും മന്ത്രി ചൂണ്ടിക്കാട്ടി. 

∙  സിനിമ സർക്കാരിനെതിരല്ല

‘സിനിമ കാണുകയോ അതിന്റെ ഉള്ളടക്കം അറിയുകയോ ചെയ്യും മുൻപ് അതിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ആത്മാർഥത എത്രത്തോളമെന്നു മനസ്സിലാക്കണം. വിമർശനങ്ങളുടെ അന്തഃസത്ത മനസ്സിലാക്കുന്ന ഒരു സർക്കാരാണു സംസ്ഥാനത്തുള്ളതെന്നതിനു തെളിവാണു പൊതുമരാമത്തു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ റോഡുകളിൽ കുഴി നിറയുന്നത് എത്രയോ വർഷമായി സംഭവിക്കുന്നതാണ്. ആ പ്രശ്നം തുറന്നുകാട്ടുകയും സാധാരണക്കാരന്റെ ഭാഗത്തുനിന്നു ചോദ്യം ചെയ്യുകയും ചെയ്യുന്നതാണു സിനിമ. അത് ഏതെങ്കിലുമൊരു പാർട്ടിക്കോ സർക്കാരിനോ എതിരല്ല.’ – കുഞ്ചാക്കോ ബോബൻ 

∙ ആവിഷ്കാര സ്വാതന്ത്ര്യം മറക്കുന്നു

‘ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പുരപ്പുറത്തു കയറി സംസാരിക്കുന്നവരാണ് പരസ്യവാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ പ്രചാരണം നടത്തുന്നത്. നർമബോധത്തോടെ കാണേണ്ട കാര്യമേയുള്ളൂ. സിനിമ കാണരുതെന്നു പ്രചരിപ്പിച്ചാൽ കൂടുതൽ പേർ കാണും. സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജിലും സിനിമയുടെ പരസ്യം കണ്ടു.’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ