പോങ്ങ്യാങ്: ഉത്തര കൊറിയയിൽ കൊവിഡ് പുറപ്പെട്ട സമയം ഭരണാധികാരി കിം ജോങ് ഉന്നിന് കടുത്ത പനി ബാധിച്ചതായി സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തൽ. ദക്ഷിണ കൊറിയയാണ് ഉന്നിന് അസുഖം വരാൻ കാരണമെന്നും സ​ഹോദരി കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയയിൽ നിന്നെത്തിയ ‘ലഘുലേഖകളാണ് ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്നും ഇത്തരം പ്രവൃത്തികൾ  തുടരുകയാണെങ്കിൽ, വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയൻ അധികൃതരെയും ഉന്മൂലനം ചെയ്യുമെന്നും ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതേസമയം, കിം യോ ജോങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ കൊറിയ  പ്രതികരിച്ചു.

ഉത്തരകൊറിയയുടെ മാധ്യമമായ  കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻ) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  പനി ബാധിച്ചപ്പോഴും തന്റെ സഹോദരന് ജനങ്ങളുടെ  ആകുലതകൾ കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരകൊറിയയിൽ പൊട്ടിപ്പുറപ്പെട്ട പനി കൊവിഡ് കാരണമാണോ എന്ന കാര്യത്തിൽ അവർ വ്യക്തത നൽകിയില്ല. അമിതഭാരവും അമിതമായ പുകവലിയും കാരണം കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയിൽ വർഷങ്ങളായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം കിം ജോങ് ഉൻ 17 ദിവസത്തോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.