കൊച്ചി: യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ച് പറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുൺ, മട്ടാഞ്ചേരി അർഷദ് എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 28 ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയവരെ തുടർച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയിൽ നിന്നും  പിടികൂടിയ അർഷാദിന്‍റെ വീട്ടിൽ നിന്നും പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

കോട്ടയം ജില്ലയിലെ പാമ്പാടിക്ക് സമീപം കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പൊലീസിന് തുണയായത് പ്രതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. സംഭവം നടന്ന് ആദ്യഘട്ട പരിശോധനകളില്‍ തോന്നിയ സംശയങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്‍റെ വീട്ടില്‍ നടന്ന മോഷണത്തില്‍ മകന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി.

മോഷണത്തിന്‍റെ രീതികളില്‍ നിന്ന് വീട്ടിലുള്ള ആരോ അല്ലെങ്കില്‍ വീടിനോട് അത്രയും ബന്ധമുള്ള ആരോ ആണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘത്തിന് സംശയം തോന്നിയിരുന്നു. ഇതോടെ മോഷണ സമയത്ത് വീട്ടിലുള്ളവര്‍ എവിടെയൊക്കെ ആയിരുന്നുവെന്ന് വിശദമായി തന്നെ പൊലീസ് അന്വേഷിച്ചു. ഇതില്‍ നിന്നാണ് സുപ്രധാനമായ ഒരു വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടില്‍ മോഷണം നടക്കുന്ന സമയത്ത്  ഫാദർ ജേക്കബ് നൈനാന്‍റെ മകന്‍ ഷൈനോ നൈനാന്‍റെ മൊബൈല്‍ ഫോണ്‍ ‘ഫ്ലൈറ്റ് മോഡില്‍’ ആയിരുന്നു. ഈ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകരമായത്.

സ്വര്‍ണം സൂക്ഷിച്ച അലമാര പൊളിക്കാതെ താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇതോടെ താക്കോല്‍ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് മോഷ്ടിച്ചയാളിന് നല്ല ബോധ്യമുണ്ടെന്ന് പൊലീസിന് വ്യക്തമായി. വീടിനെ കുറിച്ച് ഇത്രയും ധാരണ ഉറപ്പായും വീട്ടിലുള്ളവര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്നത് അന്വേഷണം സംഘം ഉറപ്പിച്ചു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യത്തെ കുറിച്ചും വ്യക്തമായ അറിവ് മോഷ്ടാവിന് ഉണ്ടായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് ഉറപ്പിച്ചു. പള്ളിയിലേക്ക് എപ്പോള്‍ പോകും, എപ്പോള്‍ തിരിച്ചുവരും എന്നൊക്കെ അറിയുന്നയാള്‍ക്ക് മാത്രമേ കൃത്യമായി ആസൂത്രണം ചെയ്ത് ഇതേ സമയം കവര്‍ച്ച നടത്താന്‍ സാധിക്കൂ. ഇതോടെ എല്ലാ സംശയങ്ങളും ഷൈനോയിലേക്ക് മാത്രം നീണ്ടു. ഇതേസമയത്താണ് ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ മൊഴി നല്‍കിയി.