തിരുവനന്തപുരം: പത്ര പരസ്യത്തിലെ വാചകങ്ങളെ ചൊല്ലി ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിൻ. ‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്’, ബെന്യാമിൻ ഫേയ്സ്ബുക്കിൽ പറഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ തിയേറ്ററിൽ തന്നെ കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ പരസ്യപോസ്റ്ററിലുള്ള ‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകത്തെ ചൊല്ലി ഇടത് സൈബർ പേജുകളിലാണ് ബഹിഷ്കരണ ആഹ്വാനവും മറ്റും നടന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയുള്ളതാണ് പരസ്യമെന്ന് ചൂണ്ടിക്കായായിരുന്നു ഇത്.

എന്നാൽ പരസ്യത്തിൽ ദേശീയ പാതയെന്നോ പിഡബ്ല്യുഡി റോഡുകളെന്നോ പ്രത്യേക പരാമർശം ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രത്യേക സർക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ല ചിത്രവും പരസ്യവുമെന്ന് നടൻ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.