ആലപ്പുഴ: ചോദ്യംചെയ്യലിനായി നേരിട്ട് ഹാജരാകണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് തോമസ് ഐസക്കിനോട് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചത്. 

ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ആര്‍ബിഐ ആണ്. ആര്‍ബിഐക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ പലപ്രാവശ്യം വിളിച്ചുവരുത്തിയിട്ടും കുറ്റമൊന്നും കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഡോ. ഐസക് പറഞ്ഞു. 

പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിനു പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അതിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.