ന്യൂഡല്‍ഹി: ജമ്മു-കാശ്മീരിലെ രജൗരി ജില്ലയിലുള്ള കരസേനാ ക്യാമ്പില്‍ ഇന്നു രാവിലെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ദര്‍ഹാല്‍ മേഖലയിലുള്ള പര്‍ഗാല്‍ സൈനികക്യാമ്പിലാണ് ഭീകരര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം നടത്തിയത്. സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

പര്‍ഗാലിലെ സൈനിക ക്യാമ്പിന്റെ വേലി കടക്കാന്‍ ശ്രമിച്ച ഭീകരരെ ചോദ്യംചെയ്ത സൈനിക കാവല്‍ക്കാര്‍ക്കെതിരേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. പ്രദേശത്ത് സൈനികര്‍ തെരച്ചില്‍ നടത്തി. ഭീകരാക്രമണം നടന്ന പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഭീകരരുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.