ക്യൂബയിലെ ഹവാനയിൽ നിന്നുള്ള ഡോക്ടറാണ് യോഹാൻഡ്രി ക്രസ് അവില. അയാൾ 2016 -ലാണ് തന്റെ കാമുകി ഷെയ്‌സ മെനെൻഡസിനെ കണ്ടു മുട്ടുന്നത്. മെഡിക്കൽ സ്കൂളിൽ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് അവർ അടുത്തു, പ്രണയിച്ചു, ഒന്നിച്ച് ജീവിക്കാനും തുടങ്ങി. തുടക്കത്തിൽ സന്തോഷപൂർണമായിരുന്നു ജീവിതമെന്നാലും, പതുക്കെ വഴക്കുകളും, അസ്വാരസ്യങ്ങളും ഉടലെടുത്തു. അവരുടെ ബന്ധം പൂർണമല്ലെന്നൊരു തോന്നൽ ഇരുവരുടെയും ഉള്ളിൽ പൊന്തി വന്നു. അവർ അതിനെ മറികടക്കാൻ ഓപ്പൺ റിലേഷൻഷിപ്പ് പോലുള്ള പലതും പരീക്ഷിച്ചു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. അപ്പോഴാണ് മൂന്നാമതൊരാൾ അവരുടെ ബന്ധത്തിലേക്ക് കടന്ന് വരുന്നത്. ലിസാന്ദ്ര പോസോ എസ്ട്രാഡയായിരുന്നു അത്. അതോടെ ദമ്പതികളുടെ ബന്ധം കൂടുതൽ ദൃഢമായി. ഇപ്പോൾ മൂവരും ഒരുമിച്ചാണ് ജീവിതം പങ്കിടുന്നത്. തങ്ങൾ മുൻപത്തേക്കാളും ഹാപ്പിയാണ് ഇപ്പോഴെന്ന് അവർ പറയുന്നു.    

ഒരു വർഷത്തോളമായി ഇപ്പോൾ മൂന്ന് പേരും പരസ്പരം പ്രണയിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. പ്രണയം മാത്രമല്ല, മൂവരും വിവാഹം ചെയ്യാനും, കുട്ടികൾ വേണമെന്നും ആഗ്രഹിക്കുന്നു. “ഭാവിയിൽ, ഞങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് രണ്ട് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. ഒന്ന് ഷെയ്‌സയിൽ നിന്നും, മറ്റൊന്ന് ലിസാന്ദ്രയിൽ നിന്നും” യോഹാൻഡ്രി പറയുന്നു. “കുഞ്ഞുങ്ങൾക്ക് ഞങ്ങൾ മൂന്ന് പേരും മാതാപിതാക്കളായിരിക്കും. ഒരു തരത്തിലുമുള്ള വ്യത്യാസമില്ലാതെ അവരെ ഒരുപോലെ ഞങ്ങൾ സ്നേഹിക്കും. ആരെയും വെറുക്കാതെ, ചട്ടക്കൂടുകളിൽ ഒതുങ്ങാതെ എപ്പോഴും ഹാപ്പിയായി ജീവിയ്ക്കാൻ അവരെ ഞങ്ങൾ പഠിപ്പിക്കും” അയാൾ കൂട്ടിച്ചേർത്തു.

ഈ ലോകത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കാനും, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കാനും, എല്ലാറ്റിനുമുപരിയായി തങ്ങളായിരിക്കാനും അവരെ ബോധവൽക്കരിക്കുമെന്നും അവർ പറഞ്ഞു. സ്നേഹം എന്താണെന്ന് അറിയാൻ തങ്ങളുടെ ഈ ബന്ധം സഹായിച്ചെന്ന് മൂവരും അവകാശപ്പെടുന്നു. തങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, തങ്ങളുടെ ബന്ധം എല്ലായ്പ്പോഴും മെച്ചപ്പെടുകയാണെന്നും യോഹാൻഡ്രി പറയുന്നു.  ഇങ്ങനെയും ആളുകൾക്ക് സ്നേഹിക്കാമെന്ന് ഇപ്പോഴും ആളുകൾക്ക് വിശ്വസിക്കാനോ, അംഗീകരിക്കാനോ കഴിയുന്നില്ല. ഈ ബന്ധം സ്നേഹത്തിന്റെ പുതിയൊരു തലം മാത്രമല്ല കാണിച്ച് തരുന്നത്. മറിച്ച് ഒരു സാധാരണ ബന്ധത്തിൽ നിന്ന് കിട്ടാത്ത സ്വാതന്ത്ര്യം കൂടിയാണ് ഇതിലൂടെ ലഭിച്ചതെന്ന് മൂവരും പറയുന്നു.

അവർ മൂന്ന് പേരും ഒരു അപ്പാർട്മെന്റിലാണ് താമസിക്കുന്നത്. വീട്ടിലെ ചിലവുകൾ എല്ലാം അവർ ഒന്നിച്ച് പങ്കിടുന്നു. വാടക, ഭക്ഷണം തുടങ്ങിയ എല്ലാ ചിലവുകളും അവർ തുല്യമായി പങ്കിടുന്നു. ഒന്നിനും ആരെയും നിർബന്ധിക്കാറില്ലെന്നും അയാൾ പറഞ്ഞു.  എല്ലാവരും പോകുന്ന വഴിയേ പോകാതെ, തങ്ങൾക്ക് കൂടുതൽ അനുയോജ്യമായ രീതികൾ പരീക്ഷിക്കാൻ ആളുകൾ ഇനിയെങ്കിലും തയ്യാറാകണമെന്നുമൊക്കെയാണ് അയാളുടെ അഭിപ്രായം.