ഫ്രെഡറിക്-വിൽഹെം കെയ്ക്കും ഭാര്യ ജുട്ടയ്ക്കും വയസ് 76 ആയി. വാര്‍ദ്ധക്യത്തില്‍ അല്പം സമാധാനം ആഗ്രഹിക്കാത്തതായി ആരാ ഉള്ളത്. സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ഈ പ്രായത്തിലും തങ്ങളുടെ സമാധാനം കളയുന്ന ഒരാളെ ഇരുവരും കോടതി കയറ്റിയിരിക്കുകയാണ്. ഫ്രെഡറികിന്‍റെയും ജുട്ടയുടെയും സമാധാനം നശിപ്പിക്കുന്നതാകട്ടെ അയല്‍വീടിലെ പൂവന്‍ കോഴി. ഒന്നു രണ്ടുമല്ല, ഒരു ദിവസം 200 തവണയാണ് മഗ്ദ എന്ന് വിളിക്കുന്ന പൂവന്‍ കോഴി കൂവുന്നതെന്നാണ് ഇരുവരുടെയും പരാതി.  ഇത് അസഹനീയമാണെന്നും പീഢനത്തിന് തുല്യമണെന്നും ദമ്പതിമാര്‍ അവകാശപ്പെടുന്നു. ഇതിനൊരു പരിഹാരം വേണം. അതിനായാണ് ഇരുവരും കോടതി കയറിയത്. 

പടിഞ്ഞാറൻ ജർമ്മനിയിലെ ബാഡ് സാൽസുഫ്ലെനിലുള്ള തങ്ങളുടെ ഏറ്റവും അടുത്ത അയൽവാസിയുടെ വീട്ടിൽ നിന്ന് കോഴിയെ മാറ്റണമെന്നാണ് ദമ്പതിമാരുടെ ആവശ്യം. കോടതി കയറുന്നതിന് മുമ്പായി ഒരു ദിവസം കോഴി എത്രതവണ കൂവും എന്നതടക്കമുള്ള കണക്കുകള്‍ ഇരുവരും ചേര്‍ന്ന് ശേഖരിച്ചിരുന്നു. മഗ്ദ കാരണം തങ്ങള്‍ക്ക് സ്വന്തം പൂന്തോട്ടം ഉപയോഗിക്കാന്‍ കഴിയുന്നില്ല. എന്തിന് ജനാലകള്‍ പോലും തുറന്നിടാന്‍ കഴിയുന്നില്ലെന്നും ഫ്രെഡറിക് വിൽഹെം ജര്‍മ്മന്‍ ടെലിവിഷനോട് പരാതിപ്പെട്ടു. 

രാത്രിയില്‍ അവനെ പൂട്ടിയിടും അതിനാല്‍ രാത്രിയില്‍ ശല്യമില്ല. എന്നാല്‍ പകല്‍ 8 മണിക്ക് തുറന്ന് വിടുന്നതോടെ അവന്‍ കൂവാന്‍ ആരംഭിക്കുമെന്നും ഫ്രെഡറിക് വിൽഹെം പറയുന്നു. ഇങ്ങനെ രാവിലെ 8 ന് തുടങ്ങുന്ന കൂവല്‍ രാത്രിയോളം നീളും. ഇത് ഒരു ദിവസം 100 മുതല്‍ 200 തവണവരെയാകും. ഇത് അസഹനീയമാണ്.’ അദ്ദേഹം പറയുന്നു. ‘ഇതും ഒരുതരത്തില്‍ പീഡനമാണ്. എന്നാല്‍, പീഡനത്തെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ അത് അങ്ങനെയാണ്.’ ജുട്ട കൂട്ടിച്ചേർത്തു.

മഗ്ദയുടെ അസാധാരണമായ കൂവല്‍ കാരണം രണ്ട് വര്‍ഷം മുമ്പ് ഒരു അയല്‍ക്കാരന്‍ മാറിത്താമസിച്ചതായി ഫ്രെഡറിക് വില്‍ഹെം പറഞ്ഞു. എന്നാല്‍, കോഴികളെ ഒന്നിച്ച് നിര്‍ത്താന്‍ മഗ്ദയെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കോഴികളുടെ ഉടമയും ദമ്പതിമാരുടെ അയല്‍വാസിയുമായ മൈക്കൽ ഡി പറഞ്ഞു. ‘പിടക്കോഴികള്‍ക്കൊപ്പം പൂവന്‍ കോഴി വേണം. ഇല്ലെങ്കില്‍ അവ ചിതറിപ്പോകും.’ മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. 2018 ല്‍ മുട്ട കൃഷിക്കായാണ് മൈക്കല്‍ കോഴി വളര്‍ത്തല്‍ ആരംഭിച്ചത്. അന്ന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയാണ് അദ്ദേഹം വാങ്ങിക്കൊണ്ടുവന്നത്. 

അതിലൊന്ന് പൂവന്‍ കോഴിയായിരുന്നു. അവന്‍ മുതിര്‍ന്നതോടെ അയല്‍ക്കാരുടെ പരാതികള്‍ ആരംഭിച്ചു. ‘ഇത്രയും കാലം സഹിച്ചു. ഇനിയും വയ്യെ’ന്നാണ് ഫ്രെഡ്രിക്ക് വിൽഹെമും ജൂട്ടയും പറയുന്നത്. തങ്ങളുടെ സഹനത്തിന്‍റെ ഏറ്റവും ഒടുവിലാണ് കോടതിയെ സമീപിച്ചതെന്നും ഇരുവരും പറയുന്നു. അങ്ങനെയാണ് ലെംഗോ ജില്ലാ കോടതിയില്‍ കേസിന് പോയത്. ‘ഞങ്ങള്‍ പല തരത്തില്‍ ശ്രമിച്ചിരുന്നു. ഞങ്ങളുടെ കുട്ടികളും ശ്രമിച്ചു. അയല്‍ക്കാരും പറഞ്ഞ് നോക്കി. 

എന്നാല്‍, കോഴിയെ കൈവിടാന്‍ മൈക്കല്‍ തയ്യാറായില്ല. ഞങ്ങള്‍ക്ക് സമാധാനമായി ജീവിക്കണം. കോടതിയില്‍ തങ്ങള്‍ ജയിക്കുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. അയല്‍വീട്ടിലെ പൂവന്‍ കോഴികള്‍ തങ്ങളുടെ സ്വകാര്യ ജീവിതം നശിപ്പിക്കുന്നുവെന്ന പരാതി ആദ്യമായിട്ടല്ല. ഒരു പൂവന്‍ കോഴി തങ്ങളുടെ എട്ടാഴ്ചത്തെ ഉറക്കം കെടുത്തിയതായി അർബോറെറ്റത്തിലെ താമസക്കാരിയായ സോന്യ വിക്കേഴ്‌സ് (48) പരാതിപ്പെട്ടിരുന്നു. ‘എല്ലാ ദിവസവും അതിരാവിലെ 4 മണിക്കോ 5 മണിക്കോ അത് കൂവിത്തുടങ്ങും. ഞങ്ങൾ പലതവണ പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. അത് സാമൂഹ്യവിരുദ്ധമാണ്. ഇവിടത്തെ താമസക്കാര്‍ക്ക് ഈ ശബ്ദം കാരണം ജീവിതം തന്നെ ഒരു പേടിസ്വപ്നമാകുന്നു.’ എന്നായിരുന്നു സോന്യയുടെ പരാതി. 

വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുമ്പോള്‍, പ്രത്യേകിച്ചും സൂം കോളുകള്‍ക്ക് മറുപടി നല്‍കുമ്പോഴാകും നിങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കോഴി നീട്ടികൂവുന്നത്. ഇത് വളരെ ബുദ്ധിമുട്ടാണ്. നമ്മള്‍ പ്രൊഫഷണലോ എന്ന സംശയം ഉയര്‍ത്തും. ഇത് വളരെ  ബുദ്ധിമുട്ടാണ്. നിരന്തരമായ ഈ കൂവല്‍ കാരണം എന്‍റെ സഹപ്രവര്‍ത്തകന്‍ തന്നെ ഓൾഡ് മക്‌ഡൊണാൾഡ് എന്ന് വിളിക്കാൻ തുടങ്ങിയെന്നും മറ്റൊരു അയല്‍വാസിയായ കോക്കറൽ പരാതിപ്പെടുന്നു.