പാറ്റ്ന: പുതിയ സഖ്യകക്ഷി സര്‍ക്കാരിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയെന്ന് സൂചന. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് നൽകും. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകൾ തുടരുകയാണ്. അഭ്യന്തരവകുപ്പ് വേണമെന്ന് തേജസ്വി യാദവ് നിതീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ അഭ്യന്തര വകുപ്പ് തുടര്‍ന്നും നിതീഷ് കൈകാര്യം ചെയ്യാനാണ് സാധ്യത. സ്പീക്കര്‍ പോസ്റ്റിലും ചര്‍ച്ച നടക്കുകയാണ്. 

അതേസമയം  നിയമസഭാ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകാൻ ജെഡിയു തീരുമാനിച്ചു. ബിജെപി എംഎൽഎ കൂടിയായ സ്പീക്കര്‍ വിജയ് കുമാർ സിൻഹയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് നിതീഷിൻ്റെ നീക്കം. ഇന്നലെ ചേര്‍ന്ന മഹാസഖ്യയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പുതിയ സര്‍ക്കാരിൽ  ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ആർജെഡി തള്ളി. 

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വിശാല സഖ്യ സർക്കാർ ഇന്നാണ് അധികാരമേൽക്കുന്നത്. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ.