കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികൻ്റെ വീട്ടിലാണ് ഇന്നലെ കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ആണ് അൻപത് പവൻ സ്വര്‍ണം വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിൻ്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് തന്നെ കണ്ടെത്തിയത്.

അടുക്കള വഴിയാണ് പ്രതി വീടിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. അകത്ത് കയറിയ ശേഷം എല്ലാ മുറിയിലും മുളകുപൊടി വിതറി. സ്വര്‍ണം സൂക്ഷിച്ച അലമാര  താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോൽ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും  ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. 

ഇന്നലെ സന്ധ്യയ്ക്ക് ശേഷമാണ് മോഷണവിവരം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് വീട് സീൽ ചെയ്ത് സുരക്ഷ ഏര്‍പ്പെടുത്തി ഇന്നലെ ആരേയും വീടിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്ന പൊലീസ് വീട്ടിലുള്ളവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാനും നിര്‍ദ്ദേശിച്ചു. വൈദികനും ഭാര്യയും വീട്ടിൽ നിന്നും പള്ളിവരെ പോയി വന്ന രണ്ട് മണിക്കൂറിനുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്.  കവര്‍ച്ചയിൽ തനിക്ക് ആരേയും സംശയമില്ലെന്നാണ് സ്ഥലത്തെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഫാദർ ജേക്കബ് നൈനാൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വൈദികൻ്റെ ബന്ധുക്കളേയും അയൽവാസികളേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ. സംഭവസ്ഥലത്ത് എത്തിച്ച പൊലീസ് നായ വീടിന് സമീപത്തുള്ള രണ്ട് വീടുകൾക്ക് അടുത്തൂട പോയ ശേഷം വഴിയിൽ വന്നു നിന്നു. പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിലകളേയും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്.