കേപ്ടൗണ്‍: അന്താരാഷ്ട്ര അംപയറായിരുന്ന റൂഡി കേര്‍സ്റ്റന്‍ (Rudi Koertzen) കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് 73കാരനായ അദ്ദേഹം അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

മരണവാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ റൂഡി കേര്‍സ്റ്റന്‍ ജൂനിയര്‍ സ്ഥിരീകിരിച്ചു. ”അദ്ദേഹം സുഹൃത്തുക്കളുമായി ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയതായിരുന്നു. തിങ്കളാഴ്ച്ച മടങ്ങിവരാനായിന്നു അവരുടെ പദ്ധതി. എന്നാല്‍ മറ്റൊരു റൗണ്ട് കൂടി കളിച്ച് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.” മകന്‍ പറഞ്ഞു. 

100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വം ചില അംപയര്‍മാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍. 108 ടെസ്റ്റുകള്‍ക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. പിന്നീട് അലീം ദാര്‍ കേര്‍സ്റ്റണെ മറികടന്നു.

സ്റ്റീവ് ബക്‌നര്‍ക്ക് ശേഷം ഏറ്റവും 100ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നിയന്ത്രിക്കുന്ന അംപയറായി കേര്‍സ്റ്റണ്‍ മാറിയിരുന്നു. 1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2010ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.