കോട്ടയം: എല്ലാം നന്നായി വരും… നിറകണ്ണുകളോടെ അനുഗ്രഹം ചൊരിഞ്ഞ് നടൻ ടി.പി.മാധവൻ. മലയാള സിനിമയുടെ ലോകത്തുനിന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് കുടിയേറിയ ടി.പി.മാധവൻ പുതിയൊരു സിനിമയുടെ നാമകരണച്ചടങ്ങുമായി ഗാന്ധിഭവനിലേക്കെത്തിയ ചലച്ചിത്രപ്രവർത്തകരെ സ്വീകരിച്ചത് കാരണവസ്ഥാനത്തുനിന്ന്.

കോട്ടയം ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരി ചിന്മയി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാമകരണച്ചടങ്ങായിരുന്നു നാൽപ്പതുവർഷത്തിലേറെ മലയാളസിനിമയുടെ ഭാഗമായിരുന്ന മാധവന്റെ സാന്നിധ്യത്തിൽ നടത്തിയത്.

ടി.പി.മാധവനൊപ്പം ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂർ സോമരാജൻ, നിർമാതാവ് സാബു കുരുവിള, നായിക മീനാക്ഷി എന്നിവർ ചേർന്നാണ് ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് നിർവഹിച്ചത്.

പ്രധാനവേഷത്തിലെത്തുന്ന ടെലിവിഷൻ അവതാരക കൂടിയായ മീനാക്ഷി, മറ്റ് പ്രധാനവേഷങ്ങൾ ചെയ്യുന്ന വിദ്യാർഥിനികളായ ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ എന്നിവരും ടി.പി. മാധവന്റെ അനുഗ്രഹം തേടി. ഗാന്ധിഭവനിലെ അന്തേവാസികളുമായെല്ലാം സ്നേഹം പങ്കുവെച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷമാണ് ചലച്ചിത്രപ്രവർത്തകർ മടങ്ങിയത്. ചലച്ചിത്രസംവിധായകൻകൂടിയായ അച്ഛൻ അനിൽരാജിന്റെ തിരക്കഥയിലാണ് ചിന്മയി സംവിധായികയാവുന്നത്. ചിന്മയി പഠിച്ച ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസിൽ ചിത്രീകരണത്തുടക്കം കുറിച്ച സിനിമയിൽ കോട്ടയം ജില്ലാകളക്ടർ പി.കെ.ജയശ്രീ കളക്ടറായി തന്നെ അഭിനയിച്ചിരുന്നു.