ഇന്ത്യാനപോളിസ്: ഗര്‍ഭഛിദ്ര നിരോധന നിയമത്തിന് ഇന്ത്യാന സെനറ്റിന്റെ അനുമതി. സെനറ്റ് അംഗങ്ങളുടെ അനുമതിയോടെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ എറിക് ഹോള്‍കോംപാണ് ചരിത്രപരമായ തീരുമാനത്തില്‍ ഒപ്പുവച്ചത്. അങ്ങനെ ഗര്‍ഭഛിദ്ര നിരോധനനിയമം നടപ്പാക്കിയ ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി ഇന്ത്യാന. അടുത്തമാസം 15 മുതല്‍ സംസ്ഥാനത്ത് നിയമം പ്രാബല്യത്തിലാകും. 

എന്നാല്‍ ഈ നിയമത്തില്‍ വ്യവസ്ഥകളോടുകൂടി ഇളവുണ്ടാകും. ബലാല്‍സംഗം, വ്യഭിചാരം എന്നിവമൂലമുള്ള പത്താഴ്ചയില്‍ താഴെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മാതാവിന്റെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിനും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ശാരീരിക വൈകല്യങ്ങളും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതാണ്. ബലാല്‍സംഗത്തിനും പരസംഗത്തിനും ഇരകളായിട്ടുള്ളവര്‍ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം വേണമെന്ന സെനറ്റിന്റെ മുന്‍ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. 

ഗര്‍ഭഛിദ്രം നടത്തുന്നത് ആശുപത്രികളിലും ആശുപത്രികളുടെ സെന്ററുകളിലും മാത്രമായിരിക്കണമെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാവും. ആശുപത്രികള്‍ക്കല്ലാതെ മറ്റുള്ളവയ്ക്കുള്ള ലൈസന്‍സ് നഷ്ടമാകും.

പുതുക്കിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുകയോ ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാതിരിക്കുകയോ ചെയ്യുന്ന േഡാക്ടര്‍മാരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. ഇന്ത്യാനയില്‍ ഗര്‍ഭഛിദ്രനിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടികളും കര്‍ശനമാക്കുന്നത്. 

ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള ഭരണഘടനാപരമായ പരിരക്ഷണം ജൂണില്‍ സുപ്രീംകോടതി എടുത്തുകളഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളും ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രമേയം അവതരിപ്പിച്ച് നിയമം പാസാക്കിയ ആദ്യ അമേരിക്കന്‍ സംസ്ഥാനമായി ഇന്ത്യാന.