അമേരിക്കയിലെ രണ്ട് നില വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ആ യുവദമ്പതികള്‍. അതിനിടയ്ക്കാണ് അവര്‍ക്കിടയില്‍ മറ്റാരോ ഉണ്ടെന്ന് യുവതിയ്ക്ക് മനസ്സിലായത്. അവള്‍ നോക്കുമ്പോള്‍ കിടക്കയില്‍ മറ്റൊരാള്‍! അതും പൂര്‍ണ്ണ നഗ്‌നനായ ഒരാള്‍!

ഇത് കണ്ട് നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവളുടെ വാ പൊത്തിപിടിച്ചു. അതിനുശേഷം, അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കണ്ണു തുറന്നപ്പോള്‍ കണ്ടത്, നഗ്‌നനായ ഒരു യുവാവ് ഭാര്യയുമായി മല്‍പ്പിടിത്തം നടത്തുന്നതാണ്. അയാള്‍ ഉടന്‍ തന്നെ യുവാവിനെ കിടക്കയില്‍നിന്നും ചവിട്ടി താഴെയിട്ടു. 

അേതാടെ ചാടിയിറങ്ങിയ നഗ്‌നനായ യുവാവ്, വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. പിന്നാലെ തന്നെ യുവാവു ഭാര്യയും ഓടി. കോണിപ്പടികള്‍ ഇറങ്ങിയ യുവാവ് നഗ്‌നനായി തന്നെ റോഡിലേക്ക് ഓടി. അവര്‍ക്കു പിന്നാലെ യുവദമ്പതികളും വെച്ചുപിടിച്ചുവെങ്കിലും ഓട്ടത്തില്‍ അയാളായിരുന്നു മുന്നില്‍. അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ പ്രത്യക്ഷനായി. എങ്കിലും, അധികം വൈകാതെ അയാളുടെ വീട്ടില്‍ പൊലീസ് എത്തി. കൃത്യം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അക്രമിയെ പൊലീസ് കൈയോടെ പിടികൂടി. കോടതി ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു. 

ന്യൂയോര്‍ക്കിലെ സ്റ്റില്‍വാട്ടറിലാണ് സംഭവം. 40 -കാരനായ നിക്കോളാസ് പി ലെസണ്‍ എന്നയാളാണ് സ്റ്റില്‍വാട്ടര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ഭവനഭേദന, ലെംഗിക അതിക്രമ കേസുകള്‍ ചുമത്തിയതായി സരാതോഗ കൗണ്ടി ഷെറീഫ് ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

സ്റ്റില്‍വാട്ടറിലുള്ള രണ്ടു നില വീട്ടിലേക്കാണ് ഇയാള്‍ അതിക്രമിച്ചു കയറിയത്. രണ്ടു നിലയുള്ള വീടിന്റെ പോര്‍ച്ചിലൂടെയാണ് ഇയാള്‍ വീടിനകത്തേക്ക് അതിക്രമിച്ചു കടന്നത്. വീടിനകത്തേക്കു കയറിയ ഇയാള്‍ മുറിയിലേക്കാണ് നേരെ കയറിയത്. തുടര്‍ന്ന്, അവിടെ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. 

പൂര്‍ണ്ണ നഗ്‌നനായി വീടിനകത്തു കയറിയ ഇയാള്‍ കട്ടിലില്‍ കിടക്കുകയായിരുന്ന യുവതിക്കു സമീപം ചെന്നു കിടന്ന് അവരെ കേറിപ്പിടിക്കുകയായിരുന്നു. സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവ് അറിയാതെയാണ് ഇയാള്‍ അകത്തുകടന്നതും ബെഡില്‍ കേറി കിടന്നതും. തുടര്‍ന്ന്, യുവതി ബഹളം വെക്കുകയും സമീപത്തുറങ്ങുകയായിരുന്ന ഭര്‍ത്താവ് അറിഞ്ഞ് ഇയാളെ വീട്ടില്‍നിന്നും ഓടിക്കുകയുമായിരുന്നു. തുടര്‍ന്ന്, നഗ്‌നനായി റോഡിലേക്കിറങ്ങി ഓടിയ ഇയാളെ പിടികൂടുന്നതിനായി ഈ ദമ്പതികള്‍ പിറകെ ഓടുകയും ചെയ്തതായി പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

സംഭവത്തിനു ശേഷം, ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. തുടര്‍ന്ന്, ഇയാളെ സരാതോഗ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജാമ്യം കിട്ടാത്ത കേസുകള്‍ ചുമത്തി ജയിലിലടച്ചു.