ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ (Crude Oil) ഉപഭോക്താക്കളാണ് ഇന്ത്യ. ദിനപ്രതി ഇന്ത്യയിലെ ക്രൂഡ് ഓയിൽ ആവശ്യകത വർധിച്ച് വരുന്നുമുണ്ട്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് (Saudi Arabia) ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കിൽ, ഇപ്പോൾ സൗദി അറേബ്യയെ മലർത്തിയടിച്ച് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് ഇറക്കുമതിക്കാരായി.

ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകതയ്ക്കും ആഗോള വിപണിയിലെ ഉയർന്ന ക്രൂഡ് ഓയിൽ വിലയ്ക്കും ഇടയിലാണ് റഷ്യ ഇന്ത്യയിൽ വിപണി കണ്ടെത്തിയത്. ഒപെക് രാജ്യമായ സൗദി അറേബ്യയെ പരാജയപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ ഇരകൾക്കുമതിക്കാരായെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

കാരണങ്ങൾ 

എന്തുകൊണ്ടാണ് ഇന്ത്യ സൗദിയെ തഴഞ്ഞ് റഷ്യയുമായി സൗഹൃദം സ്ഥാപിച്ചത്? ഉക്രൈൻ അധിനിവേശം നടത്തിയതുമായി ബന്ധപ്പെട്ട ലോകരാജ്യങ്ങളെല്ലാം തന്നെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിനോട് ‘നോ’ പറഞ്ഞിരുന്നു. അങ്ങനെ വന്നപ്പോൾ സൗദി ക്രൂഡിനേക്കാൾ വില കുറച്ച് നല്കാൻ റഷ്യ തയ്യാറായി. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, സൗദി ക്രൂഡിനേക്കാൾ വില കുറവായിരുന്നു റഷ്യൻ ക്രൂഡ് ഓയിലിന്. ഇത് കൂടാതെ മെയ് മാസത്തിൽ ബാരലിന് 19 ഡോളറായി വമ്പൻ കിഴിവിൽ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകി. ഇതോടെ ക്രൂഡ് ഓയിലിനായി റഷ്യയിലേക്ക് ഇന്ത്യൻ കപ്പലുകൾ നീങ്ങി. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇറാഖിന് തൊട്ടു പിന്നിലാണ് റഷ്യയുടെ സ്ഥാനം. 

ഉയർന്ന പണപ്പെരുപ്പത്തിനും റെക്കോർഡ് വ്യാപാര കമ്മിക്കും നടുവിൽ വീർപ്പുമുട്ടുന്ന ഇന്ത്യക്ക് റഷ്യ ഒരാശ്വാസമായി.  ഇന്ത്യ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. ആഗോള വിലയിലുണ്ടായ വർധനയെ തുടർന്ന് രണ്ടാം പാദത്തിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ചെലവ് 47.5 ബില്യൺ ഡോളറായി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2021-ൽ  ഇത് 25.1 ബില്യൺ ഡോളറായിരുന്നു. 2021-ൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒൻപതാം സ്ഥാനത്തായിരുന്നു റഷ്യ. അതേസമയം സൗദി അറേബ്യ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. 

അതേസമയം, ഈ വർഷവും ഇറാഖ് തന്നെയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്തിരിക്കുന്നത്. മെയ് മാസത്തിൽ, റഷ്യൻ ബാരലിനേക്കാൾ 9 ഡോളർ കൂടുതലായിരുന്നു ഒപെക് രാജ്യങ്ങളുടെ വില. മാർച്ച് മുതൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പതിന്മടങ്ങ് വർധിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 25 ശതമാനം വർധനവാണ് ഇന്ത്യയിൽ ഇന്ധന ഉപഭോഗത്തിലുണ്ടായത്. ആഗോള വിപണിയിലെ വലിയ മൂന്നാമത്തെ ഉപഭോക്താവ് എന്ന നിലയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രിക്കാനുള്ള ഒരു ആയുധമായി കൂടിയാണ് ഇന്ത്യ നിലവിൽ റഷ്യയെ കാണുന്നത്.