തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (CWG 2022) ചരിത്ര വെള്ളിയാണ് മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കര്‍ (M Sreeshankar) സ്വന്തമാക്കിയത്. 8.08 മീറ്റര്‍ മറികടന്നാണ് 23-കാരന്‍ വെള്ളി കൊണ്ടുവന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ്ജംപില്‍ വെള്ളി സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീശങ്കര്‍. വെള്ളി ഇന്ത്യയിലെത്തുമ്പോള്‍ അതിന് പിന്നില്‍ പലരും അറിയാതെ പോവുന്ന ഒരു യഥാര്‍ത്ഥ്യമുണ്ട്. തന്റെ ഒമ്പതാം വയസില്‍ ഒളിംപ്യന്‍ ശ്രീശങ്കറെന്ന് ഇ മെയില്‍ ഐഡി ഉണ്ടാക്കിയിടത്ത് നിന്ന് തുടങ്ങുന്നു കഥ.

കുഞ്ഞുപ്രായത്തില്‍ മനസില്‍ ആഗ്രഹം കുറിച്ചിട്ടപ്പോഴും പഠിത്തത്തില്‍ പിന്നോട്ട് പോവാനും മറന്നില്ല. പത്താം ക്ലാസിലും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് നേടിയാണ് ശ്രീശങ്കര്‍ ജയിച്ചത്. പ്ലസ് ടുവിന് ശേഷം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സുകള്‍ എഴുതി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചു. എഞ്ചിനീയറിംഗില്‍ മെറിറ്റില്‍ പ്രവേശനവും ലഭിച്ചു. എഞ്ചിനീയറിംഗിലാണ് ശ്രീശങ്കറിന് താല്‍പര്യം. പിന്നാലെ പാലക്കാട് അകത്തേത്തറ എന്‍എസ്എസ് കോളേജിലാണ് അഡ്മിഷനെടുത്തത്. 

രണ്ടാം സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കെ കാലിന് പരിക്കേറ്റു ശസ്ത്രക്രിയ വേണ്ടിവന്നു. പഠനവും ലോങ്ജംപ് പരിശീലനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ എന്‍ജിനീയറിങ്ങ് ഉപേക്ഷിച്ച് ബിരുദത്തിന് ചേര്‍ന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ മാത്തമാറ്റിക്‌സിലാണ് ബിരുദം ചെയ്തത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 15ാം റാങ്ക് നേടിയാണ് ബിരുദം നേടിയത്.

ഇനി ലോംഗ്ജംപിലേക്കെത്തുമ്പോള്‍ പ്രൊഫഷണല്‍ കരിയറില്‍ തുടക്കം ശ്രീശങ്കര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് പത്ത് ദിവസം മാത്രം ശേഷിക്കെ താരത്തിന് പിന്മാറേണ്ടി വന്നു. അതും അന്ന് പേഴ്‌സണല്‍ ബെസ്റ്റായിരുന്ന 7.99 മീറ്റര്‍ കടന്ന് മികച്ച ഫോമില്‍ നില്‍ക്കെ. അപ്പന്റിസൈറ്റിസ് കാരണമാണ് താരത്തിന് പിന്മാറേണ്ടി വന്നത്. സര്‍ജറി കഴിഞ്ഞതോടെ ശരീരഭാരം കുറയ്‌ക്കേണ്ടി വന്നു. ശാരീരിക പ്രയാസങ്ങളുണ്ടായിട്ടും രണ്ട് മാസങ്ങള്‍ക്ക് ശേഷം ഗിഫുവില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടാനായി. 7.47 മീറ്ററായിരുന്നു താരം പിന്നിട്ടത്.

പിന്നീട് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 7.95 മറികടന്നെങ്കിലും ആറാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. 2018ല്‍ 8.20 മീറ്റര്‍ മറികടന്ന് തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തി. പിന്നീട് 8.26 മീറ്റര്‍ മറികകടന്ന് നാഷണല്‍ റെക്കോര്‍ഡും തകര്‍ത്ത് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി. എന്നാല്‍ ഏറ്റവും മികച്ച ദൂരം പിന്നിടാനാവാതെ താരം പുറത്തായി.

എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തോടെ ശ്രീശങ്കര്‍ പ്രതീക്ഷ നല്‍കുകയാണ്. 1978ല്‍ സുരേഷ് ബാബു നേടിയ വെങ്കലമാണ് ഇതിന് മുമ്പ് ഈയിനത്തില്‍ ഇന്ത്യക്ക് ലഭിച്ച മെഡല്‍. വനിതകളില്‍ പ്രജുഷ വെള്ളിയും അഞ്ജു ബോബി ജോര്‍ജ് വെങ്കലവും നേടിയിട്ടുണ്ട്.