https://633197f1e21daebf897617a904c017bb.safeframe.googlesyndication.com/safeframe/1-0-38/html/container.html

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഗുസ്തിയില്‍ 57 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെള്ളി. ഫൈനലില്‍ വീറോടെ പൊരുതിയെങ്കിലും നൈജീരിയയുടെ ഒഡുനായോ ഫൗള്‍സാഡെക്ക് മുമ്പില്‍ മുട്ടുകുത്തിയ അന്‍ഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്കോര്‍ 7-3. നൈജീരിയന്‍ താരത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. മൂന്ന് തവണയും നൈജീരിയന്‍ താരം തോല്‍പ്പിച്ചത് ഇന്ത്യന്‍ താരത്തെയായിരുന്നു എന്നത് മറ്റൊരു കൗതുകമായി.

നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും ബര്‍മിങ്ഹാമില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു അന്‍ഷു. ഓസ്‌ലോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് 21കാരിയായി അന്‍ഷു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരവുമായിരുന്നു അന്‍ഷു. സെമിയില്‍ ഓസ്ട്രേലിയയുടെ ഐറീന്‍ സൈമനോയ്ഡിസിനെ 10-ന് മലര്‍ത്തിയടിച്ച മികവ് ആവര്‍ത്തിക്കാന്‍ ഫൈനലില്‍ അന്‍ഷുവിന് ആയില്ല.