ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ബീജം, അണ്ഡം, ബീജസങ്കലനം എന്നിവ ഇല്ലാതെയാണ് ഇത് സാധ്യമാക്കിയത്. ഇസ്രയേലിലെ വെയ്സ്മൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവർ കണ്ടെത്തി.

ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിർമിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സെൽ ജേണലിൽപഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് കുറച്ച് ദിവസം വളരാൻ സാധിക്കുന്ന യാന്ത്രിക ഗർഭപാത്രം നിർമിച്ചിരുന്നു. അതേസമയം, ഇപ്പോൾ നിർമിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു. 

ചികിത്സകൾക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നൽകുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവൽ ബയോ എന്ന പേരിൽ ഒരു സ്ഥാപനത്തിന് ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.

ഈ പഠനത്തിന്റെ വെളിച്ചത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ പെട്ടെന്ന് നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാൾ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.