ഡൽഹി: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്റെ ജീവചരിത്രം ഈ വർഷം അവസാനത്തോടുകൂടി പുറത്തിറങ്ങുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാന്റം ഹൗസ് പ്രഖ്യാപിച്ചു.

‘മാഡം പ്രസിഡണ്ട്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിൽ രാഷ്ട്രപതിപദത്തിലേക്കുയർന്നുവന്നതുവരെയുള്ള മുർമുവിന്റെ ജീവിതമാണ് പറയുന്നത്. രാജ്യത്തെ പരമോന്നതപദവിയിൽ എത്തിച്ചേർന്നതിനു പിന്നിലെ വേദനകളും യാതനകളും വ്യക്തിജീവിതത്തിലെ നഷ്ടങ്ങളും ബന്ധങ്ങളും പുസ്തകത്തിൽ ഉള്ളടങ്ങിയിരിക്കുന്നു. ഭുവനേശ്വരിലെ മുതിർന്ന പത്രപ്രവർത്തകനായ സന്ദീപ് സാഹു ആണ് പുസ്തകത്തിന്റെ രചയിതാവ്. 

ഗോത്രവർഗക്കാരിയായ ഒരു സ്ത്രീ ഇന്ത്യൻ പ്രസിഡണ്ട് പദവിയിലേക്ക് ഉയരുക എന്നത് ചരിത്രമുഹൂർത്തമാണ്. അവരെക്കുറിച്ച് പുസ്തകം തയ്യാറാക്കേണ്ടത് തലമുറയുടെ ആവശ്യമാണ് എന്നാണ് സന്ദീപ് സാഹു പ്രതികരിച്ചത്. ‘മുർമു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ച് ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിൽ ആയിരുന്നു ഞാനെന്റെ കൗമാരകാലം മുഴുവനായും ചെലവഴിച്ചത്. ദ്രൗപദി മുർമുവിലേക്കുള്ള എന്റെ ദൂരം വളരെ കുറച്ചേയുള്ളൂ എന്ന് തോന്നി’-സാഹു കൂട്ടിച്ചേർത്തു.

മയൂർഭഞ്ജ് എന്ന ശാന്തമായ ഗ്രാമത്തിൽ നിന്നും രാഷ്ട്രപതിഭവൻ വരെയുള്ള ദ്രൗപദി മുർമുവിന്റെ യാത്ര ജനാധിപത്യ ഇന്ത്യയുടെ ശാക്തീകരണത്തെയാണ് കാണിക്കുന്നത്. റായ്രഞ്ജ്പുരിൽ നിന്നാണ് മുർമു തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1997-ൽ ബിജെപി കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട മുർമു അധികെ വൈകാതെ തന്നെ ഒഡീഷയിലെ ബിജെഡി- ബിജെപി സഖ്യത്തിൽ വന്ന സർക്കാറിൽ മന്ത്രിയുമായി. 2021-ലാണ് ജാർഖണ്ഡ് ഗവർണറായി മുർമു സേവനം അനുഷ്ഠിക്കുന്നത്.