കൊച്ചി: എറണാകുളം കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്‌കൂളുകളിലെയും പ്രാതല്‍ ഭക്ഷണ വിതരണത്തെയും ബാധിച്ചു. അവധി വിവരം അറിയാന്‍ വൈകിയതോടെ സ്‌കൂളുകളില്‍ ഭക്ഷണമുണ്ടാക്കിയെങ്കിലും കഴിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല.

അവധി വിവരം പാതിവഴിയ്ക്ക് അറിഞ്ഞവര്‍ മടങ്ങിയതാണ് വിനയായത്. തൃപ്പൂണിത്തുറയില്‍ ആര്‍എല്‍വി, ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളുകളില്‍ 100 മുതല്‍ 150 വരെ പേര്‍ക്കുള്ള പ്രാതല്‍ ബാക്കിയായി. തുടര്‍ന്ന് ഇവ പ്രദേശത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു നല്‍കി. വടവുകോട് സ്‌കൂളില്‍ 800 കുട്ടികള്‍ക്കുള്ള ഭക്ഷണം തയാറാക്കിയതിന് പിന്നാലെയായിരുന്നു അവധി പ്രഖ്യാപനം. സ്‌കൂള്‍ വിട്ടതോടെ അധ്യാപകര്‍ പ്രതിസന്ധിയിലായി. അവധി പ്രഖ്യാപിച്ചതോടെ കുട്ടികള്‍ വീട്ടില്‍ പോയി. തയാറാക്കിയ ഭക്ഷണം എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകരും കുഴങ്ങി.

അവധി പ്രഖ്യാപനം വൈകിയതില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കലക്ടര്‍ വിശദീകരണവുമായി രംഗത്തെത്തി. ‘രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നായിരുന്നു കലക്ടറുടെ പുതിയ സമൂഹമാധ്യമ അറിയിപ്പ്.