ബാസ്റ്റെയര്‍: വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. റിട്ടയേഡ്ഹര്‍ട്ട് ആയി ക്രീസ് വിട്ട രോഹിത് അടുത്ത മത്സരത്തിന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പരിശോധന നടത്തുകയാണെന്നും ബിസിസിഐ അറിയിച്ചിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും യുഎസിലെ ഫ്‌ലോറിഡയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന മത്സരങ്ങളില്‍ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഏഷ്യ കപ്പ്, ട്വന്റി 20 ലോക കപ്പ് എന്നീ സുപ്രധാന മത്സരങ്ങള്‍ വരാനിരിക്കെയാണ് രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് ആശങ്കയുയര്‍ത്തുന്നത്. രോഹിത് ശര്‍മയ്ക്ക് ഓപ്പണര്‍ ആയി ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പകരം ഇഷാന്‍ കിഷനെയാണ് ഇറക്കുന്നത് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ആര് ടീമിനെ നയിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ അടുത്തിടെ ടീമിനെ നയിച്ചിരുന്നു. രോഹിത് ശര്‍മയുടെ പുറംവേദനയ്ക്ക് ശമനമായി കളിക്കിറങ്ങുമെന്നായതോടെ ആരാധകരും ആശ്വാസത്തിലാണ്.

പരുക്കിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ കഴി?ഞ്ഞ ദിവസം രോഹിത് ശര്‍മ പങ്കുവച്ചിരുന്നു. ” ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങള്‍കൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്”രോഹിത് പറഞ്ഞു.

മൂന്നാം ട്വന്റി 20യില്‍ 5 ബോളില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 11 റണ്‍സുമായി മുന്നേറുമ്പോളാണ് പുറംവേദന വില്ലനായത്. പിന്നാലെ രോഹിത് ക്രീസ് വിട്ടതോടെയാണ് ആശങ്ക വര്‍ധിച്ചത്.