മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി, സോഷ്യൽ മീഡിയയുടെ സ്വന്തം ആറാട്ടണ്ണൻ. ഏതാനും മാസങ്ങളായി നിത്യ മേനനോടുള്ള പ്രണയം പറഞ്ഞ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സന്തോഷ്. നിത്യ മേനനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും ആവർത്തിച്ചാവർത്തിച്ച് സന്തോഷ് പറഞ്ഞിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തെ സമീപിച്ചെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നായിരുന്നു സന്തോഷിന്റെ വാക്കുകൾ. നിത്യയുടെ കുടുംബം തനിക്കെതിരെ കേസു കൊടുത്തുവെന്നും സന്തോഷ് ആരോപിച്ചിരുന്നു. 

തന്നെ വിടാതെ പിന്തുടരുന്ന സന്തോഷ് വർക്കിയെ കുറിച്ച് നിത്യ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് നിത്യ സന്തോഷ് വർക്കിയെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കുന്നത്. ആറേഴു വർഷമായിട്ട് അയാൾ ഒരുപാട് കഷ്ടപ്പെടുത്തുന്നുണ്ട്, അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നാണ് നിത്യ പറയുന്നത്.

നിത്യയുടെ വാക്കുകൾ ഇങ്ങനെ:

“അയാൾ പറയുന്നതൊക്കെ കേട്ട് വിശ്വസിക്കാൻ പോയാൽ നമ്മളാണ് മണ്ടന്മാർ. കുറേ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുള്ളി പബ്ലിക് ആയി പ്രണയമാണെന്ന് പറഞ്ഞുവന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയി. ഒരു അഞ്ചാറു വർഷമായി ശരിക്കും കഷ്ടപ്പാടാണ്, ഞാനായത് കൊണ്ട് മാത്രമാണ് വെറുതെ വിട്ടത്. എനിക്ക് അതിലൊന്നും ഇൻവോൾവ്ഡ് ആവാൻ ഇഷ്ടമില്ല. എല്ലാവരും പറഞ്ഞു പൊലീസിൽ പരാതി കൊടുക്കാൻ. “

“എന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അമ്മ കീമോ ഒക്കെ കഴിഞ്ഞിരിക്കുമ്പോൾ പോലും വിളിച്ച് ശല്യം ചെയ്തിരുന്നു. പൊതുവെ എന്റെ അച്ഛനും അമ്മയും നല്ല ക്ഷമ ഉള്ള കൂട്ടത്തിലാണ്, എന്നിട്ടും ഒരു അവസരത്തിൽ അവർ പോലും ശബ്ദമുയർത്തി സംസാരിച്ചിട്ടുണ്ട്. എന്തു പറഞ്ഞിട്ടും വിട്ടുപോവാത്തതുകൊണ്ട് അച്ഛൻ പറഞ്ഞതാ കേസ് കൊടുക്കും എന്ന്,” നിത്യ പറയുന്നു

ഒരു വഴിയുമില്ല, ഫോണെടുത്ത് അയാൾ ആണെന്നു മനസ്സിലായാൽ കോൾ കട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക.​ അങ്ങനെ ഒരു 25-30 നമ്പറോളം അയാളുടെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു പറ്റൂ,” നിത്യ കൂട്ടിച്ചേർത്തു.

ലൈഫിൽ ഡീൽ ചെയ്യേണ്ട ഒരുപാട് ചലഞ്ചുകളുണ്ടല്ലോ, അതുപൊലെ ഒന്നായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാൾ യഥാർത്ഥത്തിൽ ആരാണെന്ന് പോലും എനിക്കറിയില്ല. നമ്മളെ കുറിച്ച് കുറേ ഗോസിപ്പുകൾ ഉണ്ടാവും. ഞാൻ അധികം ഇൻവോൾവ് ആവില്ല അതിലൊന്നും,” നിത്യ പറഞ്ഞു.