സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്വീപ്പര്‍ ആയി ജോലി ആരംഭിച്ച് ഇപ്പോള്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായി മാറിയ പ്രതീക്ഷ ടോണ്ട്വാക്കറുടെ (Pratiksha Tondwalkar) ജീവിതകഥ എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. പൂനെ സ്വദേശിനിയായ പ്രതീക്ഷ ജനിച്ചത് വളരെ നിർധന കുടുംബത്തിലാണ്. ദരിദ്ര കുടുംബമായതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ 16-ാം വയസ്സില്‍ പ്രതീക്ഷ വിവാഹിതയായി. പിന്നീട് ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറി. എസ്ബിഐ മുംബൈ ബ്രാഞ്ചില്‍ ബൈന്‍ഡറായാണ് ഭര്‍ത്താവ് സദാശിവ് കഡു ജോലി ചെയ്തിരുന്നത്. അങ്ങനെ അവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം അവര്‍ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി.

ആ യാത്രക്കിടയിലുണ്ടായ ഒരു അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടു. 20-ാം വയസ്സില്‍ പ്രതീക്ഷ വിധവയായി. കുടുംബം പോറ്റാന്‍ പല ജോലികളും അവള്‍ ചെയ്തു. ഒടുവില്‍ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന അതേ ബാങ്കില്‍ പ്രതീക്ഷയ്ക്ക് സ്വീപ്പര്‍ ആയി ജോലി ലഭിച്ചു.

”ആ സമയത്ത് ഭര്‍ത്താവിന് ബാക്കി ലഭിക്കാനുള്ള ശമ്പളം വാങ്ങാൻ എനിക്ക് എസ്ബിഐ ബ്രാഞ്ചില്‍ പോകേണ്ടി വന്നു. അവിടെ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും എനിക്ക് അതിനുള്ള യോഗ്യത ഇല്ലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരോട് തനിക്ക് ഒരു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടു,” പ്രതീക്ഷ മണി കണ്‍ട്രോളിനോട് പറഞ്ഞു. രാവിലെ രണ്ട് മണിക്കൂര്‍ ബാങ്കില്‍ അടിച്ചുവാരല്‍ ജോലിയും (sweeper) അതിനുശേഷം മറ്റ് ചെറിയ ജോലികളും ചെയ്ത് പ്രതീക്ഷ ജീവിതം തള്ളി നീക്കി. ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതില്‍ നിന്ന് പിന്തിരിയാന്‍ അവർ തയ്യാറല്ലായിരുന്നു.

ഓഫീസില്‍ ജോലി ചെയ്യുന്ന ആളുകളെ കാണുമ്പോള്‍ അവരില്‍ ഒരാളാകണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു,” പ്രതീക്ഷ പറഞ്ഞു. അങ്ങനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള വഴികളെ കുറിച്ച് അവർ അന്വേഷിക്കാന്‍ തുടങ്ങി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയായിരുന്നു പ്രതീക്ഷയുടെ ആദ്യലക്ഷ്യം.

ബാങ്കിലെ ചില ആളുകളും ചില ബന്ധുക്കളും നല്‍കിയ പുസ്തകങ്ങളുടെ സഹായത്തോടെ 60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായി. എന്നാല്‍ ബാങ്കില്‍ ജോലി ലഭിക്കുന്നതിന് മിനിമം 12-ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. അങ്ങനെ വിക്രോളിയിലെ ഒരു നൈറ്റ് കോളേജില്‍ ചേര്‍ന്ന് 12-ാം ക്ലാസ് പഠനവും പൂര്‍ത്തിയാക്കി. 1995ല്‍ സൈക്കോളജിയില്‍ ബിരുദവും പ്രതീക്ഷ നേടി. അങ്ങനെ പ്രതീക്ഷ ബാങ്കിലെ ക്ലര്‍ക്ക് ആയി. പിന്നീട് ബാങ്കിലെ മെസഞ്ചറായ പ്രമോദ് ടോണ്ട്വാള്‍ക്കറെ വിവാഹം കഴിച്ചു.

2004ല്‍, പ്രതീക്ഷയ്ക്ക് ട്രെയിനി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. സ്വീപ്പര്‍ ആയി ജോലി ചെയ്തിരുന്ന അതേ ബാങ്കില്‍ പ്രതീക്ഷ ഇപ്പോൾ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാൽ പ്രതീക്ഷ വിരമിക്കും. എന്നാല്‍ ജോലി ചെയ്യുന്നത് നിര്‍ത്താന്‍ അവർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രകൃതിചികിത്സയില്‍ ഒരു കോഴ്‌സ് ചെയ്തിരുന്നു. ഇനി അങ്ങോട്ട് ജനങ്ങളെ സേവിക്കാനാണ് പ്രതീക്ഷയുടെ ആഗ്രഹം.