കഴിഞ്ഞ ദിവസം ചാലക്കുടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് കുടുങ്ങിക്കിടന്ന ആനയ്ക്ക് പരിക്കേറ്റതായി നിഗമനം. രാത്രി മുഴുവന്‍ ആനയുടെ കരിച്ചില്‍ കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടില്‍ നിന്നാണ് കരച്ചില്‍ കേട്ടത്. ആനയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

കലക്കവെള്ളവുമായി കുത്തിയൊഴുകുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേരമാണ് ആന കുടുങ്ങിക്കിടന്നത്. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ഒഴുക്കിനെ അതിജീവിച്ച ആന ഒടുവില്‍ സ്വയം നീന്തിക്കയറുകയായിരുന്നു. ഏതാണ്ട് 50 മീറ്റര്‍ അധികം ആന താഴേക്ക് ഒഴുകി പോയിരുന്നു.

ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ അവസ്ഥയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.