രാജിവച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയായ വെളളയമ്പലത്തെ കവടിയാര്‍ ഹൗസ് ഫിഷറിസ് , സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് അനുവദിച്ചു. ഇതോടെ മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാന് മടങ്ങി വരവില്ലന്ന സൂചനയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്നത്്.
ഔദ്യോഗിക വസതി ഒഴിവില്ലാത്തതിനാല്‍ തിരുവനന്തപുരം വഴുതക്കാടുള്ള ഒരു വാടക വീട് ആണ് അബ്ദുറഹിമാന് മന്ത്രി മന്ദിരം ആയി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. സജി ചെറിയാന്‍ ആയിരുന്നു കവടിയാര്‍ ഹൗസില്‍ താമസിച്ചിരുന്നത്.

ഭരണഘടന വിരുദ്ധ പ്രസംഗം വിവാദമായതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഔദ്യോഗികവസതിയായ കവടിയാര്‍ ഹൗസും സജി ചെറിയാന്‍ ഒഴിഞ്ഞിരുന്നു. ഈ മാസം 20 ന് ഒഴിവുള്ള കവടിയാര്‍ ഹൗസ് മന്ത്രി അബ്ദുറഹിമാന് ഔദ്യോഗിക വസതിയായി അനുവദിക്കണമെന്ന് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു.