എ ഐ സി സി ആസ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വീടുകളും പൊലീസ് ഉപരോധിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കടുത്ത പ്രതിഷേധത്തില്‍ എഐസിസി ആസ്ഥാനവും നേതാക്കളുടെ വസതികളും പോലീസ് വളഞ്ഞിരിക്കുന്നുവെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നേതാക്കളും പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയത്. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് പൊലീസ് സീല്‍ ചെയ്തതിന് പിന്നാലേയാണ് പൊലീസ് ഉപരോധം ഏര്‍പ്പെടുത്തിയത്്.

വിലക്കയറ്റത്തിനെതിരെ മറ്റന്നാള്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും പ്രതിഷേധം നടത്തുമെന് അജയ് മാക്കന്‍ വ്യക്തമാക്കി. ഏത് നടപടിയേയും നേരിടാന്‍ സജ്ജമാണെന്നും നേതാക്കള്‍ പറഞ്ഞു.

വിലക്കയറ്റം മുഖ്യ വിഷയമാക്കി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍, നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ കുരുക്കില്‍ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ദില്ലിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സീല്‍ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതി നിര്‍ബന്ധമാകും.