തന്നെ അറിയിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ജി എം ആയി നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്ക്് കത്ത് നല്‍കിയ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിനെ പിണറായി വിജയന്‍ മന്ത്രി സഭാ യോഗത്തില്‍ ശകാരിച്ചു. കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെയെന്ന് പറഞ്ഞായിരുന്നു രൂക്ഷ വിമര്‍ശനം.

‘എന്റെ ഓഫീസിലേക്ക് കത്ത് കൊടുത്ത് വിടുമ്പോഴേ ചാനലില്‍ വാര്‍ത്ത വന്നു.കത്ത് പൊട്ടിക്കുന്നതിന് മുന്‍പേ വാര്‍ത്ത വരുന്നുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാമെന്നും അത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാം. എന്നാല്‍ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ല അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെ. അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാമിനെ നിയമിച്ചതിലെ അത്യപ്തി തുറന്നു പറഞ്ഞ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലാണ് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ നിയമനങ്ങള്‍ പതിവാകുന്നുണ്ടെന്നും മന്ത്രി ജി.ആര്‍.അനില്‍ വിമര്‍ശിച്ചു. ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന ചീഫ് സെക്രട്ടറിയുടെ മറുപടി മന്ത്രിയെ ദേഷ്യം പിടിപ്പിച്ചു. മന്ത്രിസഭാ യോഗം പോലൊരു വേദിയില്‍ കളളം പറയരുത് എന്നായിരുന്നു ജി ആര്‍ അനിലിന്റെ തിരിച്ചടി. സംശയകരമായ വ്യക്തിത്വമുളള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പില്‍ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി ജി.ആര്‍.അനില്‍ വിമര്‍ശനം കടുപ്പിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടു.

നിയമനങ്ങള്‍ ആലോചിച്ച് വേണമെന്ന കാര്യത്തില്‍ മന്ത്രിയെ മുഖ്യമന്ത്രി പിന്തുണച്ചു.സാധാരണ ആലോചിച്ച് തന്നെചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി.മുന്‍പെത്തെക്കാളും നന്നായി അത് നടക്കുന്നുണ്ട്. ആദ്യമായി മന്ത്രിയായത് കൊണ്ടാകാം അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി അനിലിനോട് പറഞ്ഞു.