ഒരു ഭോജ്പൂരി സിനിമയുടെ ഷൂട്ടിംഗിലായിരുന്നു അയാള്‍. ദേവ് ആനന്ദ് സ്‌റ്റൈലില്‍ ഒരു ഡാന്‍സ് രംഗത്ത് അഭിനയിക്കുന്നതിനിടെ, ചിത്രീകരണം നടക്കുന്ന വീട്ടുവാതിലില്‍ ആരോ മുട്ടി. പാതിരയായിരുന്നു, ആരോ ചെന്ന് വാതില്‍ തുറന്നപ്പോള്‍ പൊലീസ്! 

എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ ആ സിനിമയിലെ നൃത്തരംഗത്ത് അഭിനയിക്കുന്ന നടനെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് അവര്‍ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തതോടെ, തെളിഞ്ഞത് സിനിമയെ വെല്ലുന്ന ഒരു ജീവിതകഥയായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായ അയാള്‍ 30 വര്‍ഷത്തെ ഒളിവു ജീവിതത്തിനിടെ പൊലീസിനെ വെട്ടിച്ച് സിനിമാ നടനായി ജീവിക്കുകയായിരുന്നു. 

ഗാസിയാബാദിലെ ഹര്‍ബന്‍സ് നഗറിലാണ് സംഭവം. സിനിമാവൃത്തങ്ങളില്‍ ബജ്‌രംഗ് ബാലി എന്നറിയപ്പെട്ടിരുന്ന ഓംപ്രകാശ് എന്ന പാഷയാണ് അറസ്റ്റിലായത്. മോഷണവും പിടിച്ചുപറിയുമായി നടന്ന അയാള്‍ 30 വര്‍ഷം മുമ്പ് ഒരു ബൈക്ക് മോഷണത്തിനിടെ ഒരാളെ വധിച്ചിരുന്നു. ഹരിയാന സ്വദേശിയായ ഈ മുന്‍സൈനികന്‍ പൊലീസ് തിരയുന്നതിനിടെ നാടുവിട്ട് ആദ്യം തമിഴ്‌നാട്ടിലും പിന്നീട് ഉത്തര്‍പ്രദേശിലും കള്ളപ്പേരില്‍ ജീവിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്ത അയാള്‍ പിന്നീടാണ് സിനിമാ രംഗത്ത് സ്വന്തം വിലാസം കണ്ടെത്തിയത്. 28 ഭോജ്പൂരി സിനിമകളില്‍ അഭിനയിച്ച അയാള്‍ അതിലൊരു സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പിടിയിലായത്. 

ഹരിയാനയിലെ പാനിപ്പത്തിലുള്ള നാരായിന ഗ്രാമവാസിയായ ഓംപ്രകാശ് നേരത്തെ സൈന്യത്തില്‍ ജോലി നോക്കുകയായിരുന്നു. അതിനിടെയാണ് പല തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത്. കാറുകളും ബൈക്കുകളും മറ്റും മോഷ്ടിച്ച് വില്‍ക്കുകയായിരുന്നു പണി. 1988-ല്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായി. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ജയില്‍വാസം. അതിനിടെ, ജോലിക്ക് ഹാജരാവാത്തതിന് സൈന്യത്തില്‍നിന്നും പിരിച്ചുവിടപ്പെട്ടു.  12 വര്‍ഷം നീണ്ട സൈനിക ജീവിതത്തിന് അതോടെ വിരാമമായി. അതിനുശേഷമാണ്, മറ്റൊരു ക്രിമിനലിനൊപ്പം ഒരു വാഹനമോഷണ ശ്രമത്തിനിടെ 1992 ജനുവരി 15-ന് ഇയാള്‍ ഒരാളെ വധിക്കുന്നത്. കൊലക്കേസില്‍ പൊലീസ് തിരയുന്നതിനിടെ ഇയാള്‍ സ്ഥലം വിട്ടു. ആദ്യം തമിഴ്‌നാട്ടില്‍ ചെന്നു. ഒരു വര്‍ഷത്തോളം അവിടെ ഡ്രൈവറായി ജോലിചെയ്തു. പിന്നീട് ഉത്തര്‍പ്രദേശിലെത്തി പുതിയ പേരില്‍ പുതിയ ഒരാളായി ജീവിതം തുടര്‍ന്നു. ആദ്യ കാലങ്ങളില്‍ ട്രക്ക് ഡ്രൈവറുടെ ജോലി ചെയ്ത ഇയാള്‍ പിന്നീട് സിനിമാ രംഗവുമായി ബന്ധപ്പെടുകയായിരുന്നു. താന്‍ 28 സിനിമകളില്‍ അഭിനയിച്ചതായാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

അതിനിടയില്‍, ഗ്രാമത്തിലുണ്ടായിരുന്ന കുടുംബവുമായുള്ള ബന്ധം പൂര്‍ണ്ണമായി ഇയാള്‍ ഒഴിവാക്കിയിരുന്നു. 
ഭാര്യയും ഒരു മകളുമുണ്ടായിരുന്ന ഇയാള്‍ ഭാര്യയെ വിവാഹമോചനം നടത്തി. അതിനു ശേഷം ഉത്തര്‍പ്രദേശില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതില്‍ രണ്ടു പെണ്‍മക്കളുണ്ടായി. തന്റെ ഭൂതകാലം പൂര്‍ണ്ണമായി മറച്ചുവെച്ച്, മാന്യനായി ജീവിക്കുകയായിരുന്നു ഓംപ്രകാശ്. 

സിനിമയിലെത്തിയ ഇയാള്‍ നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട്, നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങി. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെയും ഗ്രാമത്തലവന്റെയും വേഷമിട്ട ഇയാള്‍ക്ക് ഭോജ്പൂരി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിത്തുടങ്ങി. പുതിയ സിനിമയില്‍ നല്ല കഥാപാത്രമായിരുന്നു ഇയാളുടേത്. അതിനിടയിലാണ് ജീവിതമാകെ മാറിമറിയുന്ന വിധത്തില്‍ പൊലീസ് ഇയാളെ തേടിയെത്തിയത്. 

പിടികിട്ടാപ്പുള്ളികളുടെ പട്ടിക തയ്യാറാക്കി ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇക്കഴിഞ്ഞ വര്‍ഷം അതിലെ പ്രതികള്‍ക്കു വേണ്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു. അങ്ങനെ ഇയാളുടെ കേസ് വീണ്ടും അവര്‍ പൊടിതട്ടിയെടുത്തു. നാടുവിട്ടു പോയി എന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അതിനിടയിലാണ്, ഹരിയാനയിലെ ഗ്രാമത്തിലുള്ള ഒരു ബന്ധുവിനെ ഇയാള്‍ വാട്ട്‌സാപ്പ് കോളില്‍ വിളിക്കുന്നത്. ഈ വിവരമറിഞ്ഞ പൊലീസ് ഇയാളുടെ ഫോണ്‍ നമ്പര്‍ വെച്ച് തിരഞ്ഞാണ് യു പിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളിപ്പോള്‍ സിനിമാ നടനായി ജീവിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കി. അങ്ങനെയാണ്, പാതിരാത്രിയില്‍ ചിത്രീകരണം നടക്കുന്ന വീട്ടിലേക്ക് പൊലീസ് സംഘം എത്തിയത്. അറസ്റ്റിലായ ഓംപ്രകാശിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.