ഞായറാഴ്ച ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും മുൻപ് ശിവസേന നേതാവും എംപിയുമായി സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ ബന്ദുപ്പയിലെ വീട്ടിൽ മണിക്കൂറുകളോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയിരുന്നു. മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കർ വരുന്ന ‘പത്ര ചാൾ’ ഭൂമിയിലെ ഭവന പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ റാവുത്ത് അന്വേഷണം നേരിടുകയാണ്. എന്താണ് ഈ പദ്ധതി, സഞ്ജയ് റാവുത്തിന്റെ ഈ പദ്ധതിയുമായുള്ള ബന്ധം എന്താണ്?

എന്താണ് ‘പത്ര ചാൾ’ ഭവന പുനർനിർമാണ പദ്ധതി?

വടക്കൻ മുംബൈയിലെ പ്രാന്തപ്രദേശമായ ഗോരേഗാവിലാണ് പത്ര ചാൾ എന്നറിയപ്പെടുന്ന സിദ്ധാർത്ഥ് നഗർ സ്ഥിതി ചെയ്യുന്നത്. 47 ഏക്കറിലായി 672 വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2008-ൽ, മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (MHADA) പുനർനിർമാണ പദ്ധതി ഏറ്റെടുക്കുകയും 672 വാടകക്കാരെ പുനരധിവസിപ്പിക്കാനും പ്രദേശത്ത് പുനർനിർമ്മാണം നടത്താനും ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് (GACPL) കരാർ നൽകി. ജിഎസിപിഎല്ലും എംഎച്ച്എഡിഎയും തമ്മിൽ ഒരു ത്രികക്ഷി കരാർ ഒപ്പിട്ടു. 14 വർഷം കഴിഞ്ഞിട്ടും പത്ര ചാളിലെ ജനങ്ങൾ തങ്ങളുടെ വീടിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഇ.ഡിയുടെ ആരോപണം എന്താണ്?

ത്രികക്ഷി കരാർ പ്രകാരം, ജിഎസിപിഎൽ പത്ര ചാളിലെ 672 കുടികിടപ്പുകാർക്ക് ഫ്ലാറ്റുകൾ നൽകുകയും എംഎച്ച്എഡിഎയ്ക്ക് വേണ്ടി ഫ്ലാറ്റുകൾ നിർമ്മിക്കുകയും, ബാക്കിയുള്ള സ്ഥലം സ്വകാര്യ ഡെവലപ്പർമാർക്ക് വിൽക്കുകയും ചെയ്യണമെന്നായിരുന്നു. എന്നാൽ, സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായിയായ പ്രവീൺ റാവുത്തും ഗുരു ആശിഷ് കൺസ്ട്രക്ഷൻസിന്റെ മറ്റ് ഡയറക്ടർമാരും എംഎച്ച്‌എഡിഎയെ തെറ്റിദ്ധരിപ്പിക്കുകയും ഫ്ലോർ സ്പേസ് ഇൻഡക്‌സ് (എഫ്‌എസ്‌ഐ) ഒമ്പത് സ്വകാര്യ ഡെവലപ്പർമാർക്ക് 901.79 കോടി രൂപയ്ക്ക് വിൽക്കുകയും ചെയ്തു. 672 കുടികിടപ്പുകാർക്ക് വീടുകൾ നിർമ്മിച്ചു നൽകുകയോ അല്ലെങ്കിൽ എംഎച്ച്എഡിഎയുടെ ഭാഗം നൽകുകയോ ചെയ്തില്ലെന്ന് ഇ.ഡി അവകാശപ്പെടുന്നു.

ജിഎസിപിഎൽ മെഡോസ് എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയും ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്ന് ഏകദേശം 138 കോടി രൂപ ബുക്കിങ് തുകയായി വാങ്ങുകയും ചെയ്തു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഗുരു ആശിഷ് കൺസ്ട്രക്ഷൻസ് കൈക്കലാക്കിയത് 1,039.79 കോടി രൂപയാണെന്ന് ഇ.ഡി ആരോപിച്ചു.

അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്?

റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (എച്ച്‌ഡിഐഎൽ) നിന്ന് പ്രവീൺ റാവുത്ത് 100 കോടി രൂപ കൈപ്പറ്റിയെന്നും, ഈ പണം അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾ, കുടുംബാംഗങ്ങൾ, സഞ്ജയ് രാവുത്തിന്റെ കുടുംബം ഉൾപ്പെടെയുള്ളവരുടെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തെന്നും ഇ.ഡി അവകാശപ്പെട്ടു.

2010-ൽ ഇതിന്റെ ഭാഗമായ 83 ലക്ഷം രൂപ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന് കൈമാറിയെന്നും ഈ പണം ദാദറിൽ ഫ്ലാറ്റ് വാങ്ങാൻ അവർ ഉപയോഗിച്ചെന്നും ഇ.ഡി ആരോപിച്ചു. ഇതിനുപുറമെ, വർഷ റാവുത്തിന്റെയും സ്വപ്ന പട്കറിന്റെയും പേരിൽ മഹാരാഷ്ട്രയിലെ അലിബാഗിലെ കിഹിം ബീച്ചിൽ കുറഞ്ഞത് എട്ട് പ്ലോട്ടുകളെങ്കിലും വാങ്ങിയിട്ടുണ്ടെന്നും ഇ.ഡി ആരോപിച്ചു.

പദ്ധതിയിൽ എന്താണ് തെറ്റ് സംഭവിച്ചത്?

കരാർ പ്രകാരം, പദ്ധതി പൂർത്തിയാകുന്നതുവരെ എല്ലാ 672 വാടകക്കാർക്കും ഡവലപ്പർ എല്ലാ മാസവും വാടക നൽകണം. എന്നാൽ 2014-15 വരെ മാത്രമാണ് വാടക നൽകിയത്. കുടികിടപ്പുകാർ പരാതിപ്പെടാൻ തുടങ്ങിയതോടെ, പ്രവീൺ റാവുത്തും ജിഎസിഎല്ലിന്റെ മറ്റ് ഡയറക്ടർമാരും എംഎച്ചഎഡിഎയെ തെറ്റിദ്ധരിപ്പിച്ച് ഒമ്പത് സ്വകാര്യ ഡെവലപ്പർമാർക്ക് എഫ്എസ്ഐ വിറ്റതായി കാണിച്ചതും ഇതേ സമയത്താണ്. തുടർന്ന്, ജിഎസിഎൽ മെഡോസ് രൂപീകരിക്കുകയും ബുക്കിങ് തുക ശേഖരിക്കുകയും ചെയ്തു.

വാടക നൽകാത്തതും, കാലതാമസവും, ക്രമക്കേടുകളും കാരണം, എംഎച്ച്എഡിഎ 2018 ജനുവരി 12-ന് ഡെവലപ്പർക്ക് ഒരു പിരിച്ചുവിടൽ നോട്ടീസ് നൽകി. ഈ നോട്ടീസിനെതിരെ, ജിഎസിഎല്ലിൽ നിന്ന് എഫ്എസ്ഐ വാങ്ങിയ ഒമ്പത് ഡെവലപ്പർമാർ ബോംബൈ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. പുനർനിർമ്മാണ പദ്ധതി മുടങ്ങുകയും 672 കുടികിടപ്പുകാരുടെ ജീവിതം അവതാളത്തിലാക്കുകയും ചെയ്തു.

പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ്?

2020-ൽ, 672 കുടികിടപ്പുകാരുടെ പുനരധിവാസത്തിനും വാടകയും സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം ശുപാർശ ചെയ്യാനും മഹാരാഷ്ട്ര സർക്കാർ വിരമിച്ച ചീഫ് സെക്രട്ടറി ജോണി ജോസഫിന്റെ നേതൃത്വത്തിൽ ഒരംഗ സമിതിയെ നിയോഗിച്ചു. കമ്മിറ്റിയുടെ ശുപാർശകളും എംഎച്ച്‌എഡിഎയിൽ നിന്നുള്ള ഫീഡ്‌ബാക്കും പിന്തുടർന്ന്, 2021 ജൂണിൽ സംസ്ഥാന കാബിനറ്റ് പത്ര ചാളിന്റെ പുനർവികസനത്തിന് അംഗീകാരം നൽകി. 2021 ജൂലൈയിലാണ് സർക്കാർ പ്രമേയം പുറപ്പെടുവിച്ചത്.

ഈ വർഷം ഫെബ്രുവരി 22 ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉത്തരവ് പ്രകാരം പുനർനിർമ്മാണം തുടങ്ങി. എംഎച്ച്എഡിഎ പദ്ധതി ഏറ്റെടുക്കുകയും 672 താമസക്കാർക്ക് ഫ്ലാറ്റുകൾ നൽകുകയും ചെയ്യും. കെട്ടിടത്തിലെ 306 ഫ്‌ളാറ്റുകളിലെ ശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കി കൈമാറാനും നിർദേശമുണ്ട്.