എസ്1 പ്രോ ഇവിയുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, കമ്പനിയുടെ ഹൊസൂർ പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് താല്‍ക്കാലികമായി പ്ലാന്‍റ് അടച്ചുപൂട്ടുന്നത് എന്ന് കമ്പനി അവകാശപ്പെടുമ്പോൾ, സ്‍കൂട്ടറുകള്‍ പ്ലാന്‍റില്‍ കുമിഞ്ഞു കൂടിയതാണ് കാരണം എന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോയും മോട്ടോര്‍ബീമും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍ എന്നതാണ് ശ്രദ്ധേയം. 

പ്ലാന്‍റില്‍ ഇപ്പോൾ 4000 യൂണിറ്റ് സ്‍കൂട്ടറുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കാത്തിരിക്കുമ്പോഴാണിത്. ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിന് മുമ്പ്, കമ്പനി പ്രതിദിനം 100 സ്‍കൂട്ടറുകൾ നിർമ്മിച്ചിരുന്നു. ഇത് പ്ലാന്റിന്റെ നിലവിലെ പരമാവധി ഉല്‍പ്പാദന ശേഷിയായ 600 യൂണിറ്റിനേക്കാൾ കുറവാണ്. അതേസമയം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള എല്ലാ അവകാശവാദങ്ങളും നിരസിച്ചുകൊണ്ട്, വാർഷിക അറ്റകുറ്റപ്പണികൾ കാരണമാണ് പ്ലാന്‍റ് അടച്ചിടുന്നത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. 

എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് മൊത്തം ബുക്കിംഗുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം കമ്പനി 5869 യൂണിറ്റുകൾ അയച്ചിരുന്നു. 6534 യൂണിറ്റുകൾ വിറ്റ ആംപിയറിനു പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ഒലയുടെ സ്ഥാനം.