കടയ്ക്കൽ: മന്ത്രിയുടെ വാഹനം കടന്നുപോകാൻ ജില്ലാ കൃഷി ഫാമിലെ ഗേറ്റിന്റെ പൂട്ടുതകർത്തു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പുത്തയത്ത് ചടങ്ങിൽ പങ്കെടുത്തശേഷം മന്ത്രി ജെ.ചിഞ്ചുറാണി തിരികെ വരികയായിരുന്നു.

കോട്ടുക്കൽ ജില്ലാ കൃഷി ഫാമിന്റെ പുത്തയം ഭാഗത്തുള്ള കവാടംവഴി മന്ത്രിയുടെ വാഹനം ഫാമിനുള്ളിൽ കയറി. ഫാം കാവൽക്കാരൻ ചായ കുടിക്കാൻ പോയ സമയത്ത് ഈഭാഗത്തെ ഗേറ്റ് തുറന്ന് മന്ത്രിയുടെ വാഹനം ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. മേളക്കാട് ഭാഗത്തെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഈ ഭാഗത്തുകൂടി പുറത്തിറങ്ങാനായില്ല. തുടർന്ന് മന്ത്രിയുടെ ഗൺമാൻ അടക്കമുള്ളവർ ഗേറ്റിന്റെ പൂട്ടുതകർത്ത് വാഹനം പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.