സ്വന്തമായി വിമാനം വേണമെന്നാഗ്രഹിച്ചു. വാരാന്തങ്ങളിലും അവധിക്കാലത്തും കുഞ്ഞുങ്ങളും ഭാര്യയുമൊത്തു യാത്രചെയ്യണം. ഒരു സെക്കൻഡ് ഹാൻഡ് വിമാനത്തിനായി ശ്രമിച്ചെങ്കിലും ഒത്തുവന്നില്ല. ഒടുവിൽ സ്വന്തമായി ഒരു വിമാനമങ്ങു നിർമിച്ചു, അതുമങ്ങ് ബ്രിട്ടനിൽ.

ഒരു കുടുംബത്തിനു സഞ്ചരിക്കാൻ കഴിയുന്ന നാലുസീറ്റുള്ള വിമാനമുണ്ടാക്കി ഭാര്യയും രണ്ടു മക്കളുമൊത്ത് അയൽരാജ്യങ്ങളിലേക്കു പറക്കുകയാണ് ആലപ്പുഴക്കാരൻ അശോക് താമരാക്ഷൻ. ബ്രിട്ടനിൽ ഫോർഡ് കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനിയറായ അശോക് ആർ.എസ്.പി.നേതാവും മുൻ എം.എൽ.എ.യുമായ എ.വി. താമരാക്ഷന്റെയും ഡോ. സുകൃതലതയുടെയും മകനാണ്.

ഗ്രേറ്റ് ബ്രിട്ടൺ എന്ന പേരിന്റെ ആദ്യക്ഷരമായ ജി.യും ഇളയമകളുടെ പേരും ചേർത്ത് ജി-ദിയ എന്ന പേരിലാണ് വിമാനം. ലോക്ഡൗൺ കാലത്താണ് ആശയമുദിച്ചത്. പറത്താൻ ഒന്നരവർഷത്തെ പൈലറ്റ് കോഴ്സും ചെയ്തു. തുടർന്നു കിറ്റുവാങ്ങി നിർമിക്കാൻ തീരുമാനിച്ചു.

ഇങ്ങനെ ചെയ്യുന്ന ഒട്ടേറെപ്പേർ വിദേശരാജ്യങ്ങളിൽ വിജയിച്ചിട്ടുണ്ട്. അവിടങ്ങളിൽ വിമാനത്തിന്റെ ഘടകങ്ങളടങ്ങിയ കിറ്റുവാങ്ങി കൃത്യമായി ഘടിപ്പിച്ച് ചെറുവിമാനം നിർമിക്കുന്നത് അപൂർവമല്ല. അതിനാൽ തന്റെ പരീക്ഷണവും വിജയത്തിലെത്തുമെന്ന് അശോകിന് ഉറപ്പുണ്ടായിരുന്നു. ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയും ഇന്ദോർ സ്വദേശിനിയുമായ ഭാര്യ അഭിലാഷ ദുബെ സർവ പിന്തുണയും നൽകി.