ആലപ്പുഴ: തിരുവമ്പാടിയിലെ സർക്കാർ ആയുർവേദ പഞ്ചകർമ ആശുപത്രിയിൽ ഒരു വനിതാ ഡോക്ടർക്കെതിരേ ആയുർവേദ മെഡിക്കൽ സ്റ്റോറുടമകളുടെ സംഘടനയായ ഓൾ കേരള ആയുർവേദ റീട്ടെയ്ൽ അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ആശുപത്രിക്ക് അടുത്തായി തുടങ്ങിയ പുതിയ മെഡിക്കൽ സ്റ്റോറിലേക്കു മാത്രമാണ് ഡോക്ടർ മരുന്നു കുറിക്കുന്നതെന്നും ആയുർവേദ ഗ്രന്ഥത്തിൽപ്പോലും പരാമർശിക്കാത്ത മരുന്നുകളാണിവയെന്നുമാണ് പരാതി.

ഡോക്ടറുടെ തന്നെയാണ് മെഡിക്കൽ സ്റ്റോറെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ആയുർവേദ മെഡിക്കൽ സ്റ്റോറുടമകളായ എ. സേതുനാഥ്, സി. അനുമോദ്, നിധിൻ കെ. രാജ്, ചന്ദ്രബോസ് നാരായണൻ എന്നിവരാണ് പരാതിക്കാർ. പരാതിയുടെ പകർപ്പ് ആയുഷ് വകുപ്പിനും ഡ്രഗ് കൺട്രോൾ വിഭാഗത്തിനും കൈമാറിയിട്ടുണ്ട്.

ഔഷധിയുടെ മരുന്നുകൾ ആശുപത്രിയിൽത്തന്നെ ലഭ്യമാണ്. ഇവയെഴുതാതെയാണ് പുറത്തേക്ക് എഴുതിക്കൊടുക്കുന്നത്. ചിലർ ഫോൺ വഴി ഇതുസംബന്ധിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും പഞ്ചകർമ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.