ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായി ട20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 190 റണ്‍സടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. നല്ല തുടക്കത്തിനുശേഷം ഓപ്പണര്‍ റോളിലെത്തിയ സൂര്യകുമാര്‍ യാദവ് മടങ്ങുകയും പിന്നീട് വന്നവരാരും പിടിച്ചു നില്‍ക്കാതിരിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഇന്നിംഗ്സിനെ രോഹിത് ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു.

35 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്തായി. ഇതിനിടെ രണ്ട് ലോക റെക്കോര്‍ഡുകളാണ് ഹിറ്റ് മാന്‍ സ്വന്തം പേരിലാക്കിയത്. ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതാണ് അതിലൊന്ന്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

രണ്ടാമത്തെ റെക്കോര്‍ഡാകട്ടെ ഇന്ത്യന്‍ ടീമിലെ സഹതാരം വിരാട് കോലിയെ പിന്നിലാക്കിയാണ് കോലി അടിച്ചെടുത്തത്. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോലിയില്‍ നിന്ന് രോഹിത് ഒറ്റക്ക് അടിച്ചെുത്തത്.

വിന്‍ഡീസിനെതിരായ അര്‍ധസെഞ്ചുറി ടി20 ക്രിക്കറ്റില്‍ രോഹിത്തിന്‍റെ 31-ാം അര്‍ധസെഞ്ചുറിയാണ്. 30 അര്‍ധസെഞ്ചുറികള്‍ ഉള്ള കോലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുശേഷം വിശ്രമത്തിലാണ് വിരാട് കോലിയിപ്പോള്‍. വിന്‍ഡീസിനെതിരെ ഇന്ത്യ അഞ്ച് ട20 മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് കളിക്കുന്നത് എന്നതിനാല്‍ കോലിയില്‍ നിന്ന് ഇനിയും ബഹുദൂരും മുന്നിലേക്ക് പോകാന്‍ ഈ പരമ്പരയില്‍ തന്നെ രോഹിത്തിന് അവസരമുണ്ട്.

27 അര്‍ധസെഞ്ചുറികളുമായി പാക്കിസ്ഥാന്‍റെ ബാബര്‍ അസം കോലിക്കും രോഹിത്തിനും തൊട്ടുപുറകെയുണ്ട്. 23 അര്‍ധസെഞ്ചുറികളുള്ള ഡേവിഡ് വാര്‍ണര്‍, 22 അര്‍ധസെഞ്ചുറികളുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവരാണ് തൊട്ടുപുറകില്‍.

ടി20 ക്രിക്കറ്റില്‍ നാല് സെഞ്ചുറികളും രോഹിത്തിന്‍റെ പേരിലുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 70 സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള വിരാട് കോലിക്ക് രാജ്യാന്തര ടി20യില്‍ ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ല.