കൊൽക്കത്ത: ഫ്ളാറ്റിനുള്ളിൽ കോടിക്കണക്കിന് രൂപയുണ്ടായിട്ടും നടി അർപ്പിത മുഖർജി അപ്പാർട്ട്മെന്റിലെ മെയിന്റനൻസ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് അപ്പാർട്ട്മെന്റിലെ മെയിന്റനൻസ് ഇനത്തിൽ പതിനായിരത്തിലേറെ രൂപ അർപ്പിത അടയ്ക്കാനുണ്ടെന്ന് വ്യക്തമായത്.

മെയിന്റൻസ് തുക അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയവരുടെ പട്ടിക അപ്പാർട്ട്മെന്റിലെ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. ഈ പട്ടികയിലാണ് അർപ്പിതയുടെ പേരും ഉൾപ്പെടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മെയിന്റനൻസ് തുകയായി 11819 രൂപയാണ് അർപ്പിത മുഖർജി അടയ്ക്കാനുള്ളത്. 

ബെൽഘാരിയയിലെ ക്ലബ് ടൗൺ അപ്പാർട്ട്മെന്റിൽ അർപ്പിതയുടെ പേരിൽ രണ്ട് ഫ്ളാറ്റുകളാണുള്ളത്. ഇവിടെനിന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 28 കോടി രൂപയും ആറുകിലോ സ്വർണവും പിടിച്ചെടുത്തത്.

പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി പാർഥ ചാറ്റർജിയും ഉറ്റസുഹൃത്തായ അർപ്പിത മുഖർജിയും അറസ്റ്റിലായത്. അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്ളാറ്റിൽനിന്ന് 21 കോടിയോളം രൂപ അഞ്ചുദിവസം മുമ്പ് ഇ.ഡി. പിടിച്ചെടുത്തിരുന്നു. പിന്നാലെ മന്ത്രിയെയും മണിക്കൂറുകൾക്കുള്ളിൽ അർപ്പിതയെയും ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു.