ഇല്ലിക്കലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വഴിമുട്ടി ക്രൈംബ്രാഞ്ച് അന്വേഷണം. പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുമ്പോള്‍ വിളിക്കുമെന്നല്ലാതെ ഒരു സൂചനപോലും പുതുതായി കണ്ടെത്തിയിട്ടില്ലെന്ന് ഹാഷിമിന്റെയും ഹബീബയുടെയും കുടുംബം പറയുന്നു. ആരാധനാലയങ്ങളും പ്രദേശത്തെ ജലാശയങ്ങളും കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തിരച്ചിലോടെ അന്വേഷണം നിലച്ചമട്ടാണ്. 

2017 ഏപ്രില്‍ ആറിനാണ് കോട്ടയം ഇല്ലിക്കല്‍ ഒറ്റക്കണ്ടത്തില്‍ ഹാഷിമും ഭാര്യ ഹബീബയും കാണാതാവുന്നത്. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ വീട്ടില്‍നിന്ന് വൈകിട്ട് കാറില്‍ പുറത്തേക്കു പോയ ഇവരെപ്പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വീടിനു സമീപം പലചരക്ക് കട നടത്തിവന്ന ഹബീബ് കാണാതാവുന്നതിന് രണ്ടു മാസം മുന്‍പാണ് ചാര നിറത്തിലുള്ള പുതിയ കാര്‍ വാങ്ങുന്നത്.

കെഎല്‍ 5 എജെ 7183 എന്ന താല്‍ക്കാലിക റജിസ്ട്രേഷന്‍ നമ്പറാണ് കാറില്‍ പതിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍, പഴ്സ്, എടിഎം ക്രഡിറ്റ് കാര്‍ഡ് എന്നിവ വീട്ടില്‍ തന്നെ വച്ചു. ഹബീബ അണിഞ്ഞിരുന്ന പത്തുപവന്‍ വരുന്ന ആഭരണങ്ങള്‍ മാത്രമാണ് ആകെയുണ്ടായിരുന്നത്. ഹാഷിമും ഹബീബയും അതുവരെ വീടു വിട്ട് മാറി നിന്നിട്ടില്ല. 

കുടുംബത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്നും വീടിനു മുന്നിലെ പലചരക്ക് കട നല്ല രീതിയിലായിരുന്നു നടത്തിയിരുന്നെന്നും പിതാവ് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അധിക ദൂരം വാഹനമോടിച്ച് പോവുന്ന രീതിയും ഹാഷിമിന് ഇല്ലായിരുന്നു. എപ്പോഴും മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതുമെങ്കിലും അന്നു മാത്രം ഹാഷിം ഫോണ്‍ എടുത്തില്ല. പഴ്സ് കയ്യിലില്ലായിരുന്നെങ്കിലും പലചരക്ക് കടയിലെ പണം ഹാഷിമിന്റെ കയ്യിലുണ്ടായിരുന്നെന്നാണ് കുടുബം പറയുന്നത്.

ആദ്യം കുമരകം പൊലീസാണ് കേസ് അന്വേഷിച്ചത്. നഗരത്തിലെ എല്ലാ റോഡുകളിലെയും നിരീക്ഷണ ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പരിശോധനയില്‍ സംശയകരമായ ഒരു ‍ദൃശ്യം പോലുമുണ്ടായിരുന്നില്ല. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ ദമ്പതികളെ കണ്ടെന്ന സൂചനയെത്തുടര്‍ന്ന് കുമരകം പൊലീസ് അവിടെയുമെത്തി. ഇടുക്കിയിലും പീരുമേടും മലയിടുക്കിലും കൊക്കയിലുമൊക്കെ ഹെലിക്യാം ഉപയോഗിച്ച് പരിശോധന നടത്തി.

വഴിമുട്ടിയ അന്വേഷണം ക്രൈബ്രാ‌ഞ്ച് ഇതര സംസ്ഥാനങ്ങളിലേക്കും മുസ്‌ലിം പള്ളികളിലേക്കും വ്യാപിപ്പിച്ചെങ്കിലും അതും അവിടം കൊണ്ട് അവസാനിച്ചു. ഹാഷിമിന്റെയും ഹബീബയുടെയും കയ്യില്‍ പണമുണ്ടായിരുന്നെന്ന വാദം പൊലീസ് അംഗീകരിക്കുന്നില്ല. പുതിയ കാറിന് റജിസ്ട്രേഷനും ഇല്ലാത്തതോ‍ടെ അന്വേഷണം സാധ്യമല്ലാതായി. എന്നെങ്കിലും തിരികെയെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ മാത്രമാണ് കേസില്‍ ബാക്കിയാവുന്നത്.