ആലപ്പുഴ : തൊഴിൽത്തർക്കത്തിന്റെ പേരിൽ സിഐടിയു ‘കൊടികുത്തി’ സർവീസ് നിർത്തിവയ്പിച്ച ബസ് കട്ടപ്പുറത്തായിട്ട് ഒരാഴ്ച പിന്നിടുന്നു. സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബസ് ഉടമസ്ഥരും സിഐടിയു പ്രവർത്തകരും സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിവരുന്ന ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഇതിനിടെ ലേബർ ഓഫിസിൽ സിഐടിയു നൽകിയ പരാതിയിൽ ഇരുകൂട്ടരെയും നാളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം രണ്ടു വർഷത്തോളമായി സർവീസ് മുടങ്ങിക്കിടന്ന കലവൂർ– ആലപ്പുഴ– റെയിൽവേ സ്റ്റേഷൻ റൂട്ടിലോടുന്ന അംബികേശ്വരി ബസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവീസ് പുനരാരംഭിച്ചത്. കണിച്ചുകുളങ്ങര സ്വദേശിനിയായ അധ്യാപികയായിരുന്നു ബസിന്റെ ഉടമ.

ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ സഹപ്രവർത്തകയായ മറ്റൊരു അധ്യാപിക റൂട്ട് ഉൾപ്പെടെ ബസ് ഏറ്റെടുത്തു. ഇതിനു ശേഷം പുതിയ ഉടമയുടെ കീഴിൽ കന്നി ഓട്ടത്തിനിറങ്ങിയ ബസാണ് തൊഴിൽ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് സിഐടിയു പ്രവർത്തകർ തടഞ്ഞത്. 

പഴയ ജീവനക്കാർക്കു പകരം പുതിയ തൊഴിലാളികളുമായാണ് ബസ് സർവീസ് ആരംഭിച്ചത്. ഇതിനെതിരെ ബസിൽ മുൻപ് ജോലി ചെയ്തിരുന്ന കണ്ടക്ടർ ഉന്നയിച്ച പരാതിയിലാണ് സിഐടിയു ഇടപെട്ട് ബസ് സർവീസ് തടഞ്ഞത്. തന്നെ തിരികെ ജോലിക്കെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു കണ്ടക്ടറുടെ ആവശ്യം. 

എന്നാൽ ബസും റൂട്ടും മാത്രമാണ് വാങ്ങിയതെന്നും ജോലിക്കാരുടെ ബാധ്യതയില്ലെന്നും പുതിയ ഉടമസ്ഥർ പറഞ്ഞു. സർവീസ് മുടങ്ങിയതോടെ പഴയ ഉടമയുമായി ഇവർ ചർച്ച നടത്തി. എന്നാൽ പരാതിക്കാരൻ താൽക്കാലിക ജീവനക്കാരൻ മാത്രമായിരുന്നെന്നും ബസ് വിൽക്കുന്ന വിവരം അയാളെ അറിയിച്ചിരുന്നെന്നും നഷ്ടപരിഹാരമായി ഒരു തുക നൽകാമെന്ന് അറിയിച്ചതാണെന്നും എന്നാൽ അതിന്റെ 6 ഇരട്ടി തുകയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ഇവർ പറഞ്ഞു. 

സംഭവത്തിൽ തൊഴിലാളിക്ക് നീതി ലഭിക്കണമെന്നും നീതി ഉറപ്പാക്കുന്ന ഒത്തുതീർപ്പുകൾക്ക് തയാറാണെന്നും സിഐടിയു നേതാക്കൾ പ്രതികരിച്ചു. സർവീസ് തടഞ്ഞ് ബസിൽ കൊടികുത്തിയ ശേഷം ഒരു സിഐടിയു നേതാവ് നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.