ആത്മീയ പാതയില്‍ പുതിയ പന്ഥാവ് തെളിയിച്ച ഫാ. ഇഗ്‌നേഷ്യസ് തങ്ങളത്തിലിന് ഇന്ന് 90 വയസ്സ് തികയുന്നു

സഫല ജീവിതത്തിന്റെ നവതിയിലേക്ക് കാലൂന്നുമ്പോഴും ഫാ. ഇഗ്‌നേഷ്യസ് തങ്ങളത്തിലിന് കര്‍മ്മ പാതയില്‍ മാറ്റൊരു ദിനം മാത്രം. അതിരാവിലെ തുടങ്ങുന്ന പ്രാര്‍ഥനയോടെയാകും വാര്‍ധക്യത്തിലും അച്ചന്റെ ദിനം ആരംഭിക്കുക. മുഖത്ത് ദൈവീക തേജസ് തുളുമ്പുന്നു. ഹൃദയത്തില്‍ ഭക്തിയും. മാനവസ്‌നേഹമാണ് അച്ചന്റെ പ്രാര്‍ഥന. ദശാബ്ദം മുന്‍പ് പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ കണ്ട ഊര്‍ജസ്വലതയ്ക്ക തെല്ലു കുറവുണ്ട്. എന്നാലും ഉന്മേഷവും പ്രസരിപ്പും ഇപ്പോഴും അതേപടി തന്നെ.

ഒരുപാട് പ്രസ്ഥാനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ പരിശുദ്ധമായ കൈകളാണ് അദ്ദേഹത്തിന്റേത്. മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പ്രാണേതാവ്, ഓള്‍ കേരള ഇംഗ്ലീഷ് മീഡിയം, സ്‌കൂള്‍ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, മുംബൈ – പുനെ മലങ്കര കത്തോലിക്കാ മിഷന്റെയും കണ്‍വന്‍ഷന്റെയും ആരംഭകന്‍, പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ അമരക്കാരന്‍, ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് തുടങ്ങി ഒട്ടനവധി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. സഭാപരവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ സര്‍വസാന്നിധ്യമായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖകയിലും അദ്ദേഹം കൈവച്ചു നൂറു മേനി വിളയിച്ചു.

മാതാപിതാക്കള്‍ നയിച്ച വഴിയിലൂടെ

മധ്യതിരുവിതാംകൂറിലെ പ്രശസ്തവും പുരാതനവുമായ കല്ലൂപ്പാറ തങ്ങളത്തില്‍ കുടുംബത്തില്‍ വര്‍ഗീസ് ഇടിക്കുള അ ന്നമ്മ ദമ്പതികളുടെ ഇളയമകനായി 1933 ജൂലൈ 21-ന് ആയിരുന്നു ജനനം. സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ഏഴു യാമ പ്രാര്‍ഥനകളും ചെറുപ്പം മുതലേ ചൊല്ലി പരിശീലിപ്പിച്ച മാതാപിതാക്കളാണ് അദ്ദഹത്തെ വിശ്വാസവഴിയിലേക്ക് നയിച്ചത്. പൂനാ പേപ്പല്‍ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം.

ശെമ്മാശനായിരിക്കേ അനേകം യുവാക്കള്‍ക്ക് സൈനിക സേവനരംഗത്തും സര്‍ക്കാര്‍ ജോലിയിലും പ്രവേശിക്കാന്‍ അവ സരമൊരുക്കിക്കൊടുത്തതോടെ ഫാ. ഇഗ്‌നേഷ്യന്‍ ശ്രദ്ധാകേന്ദ്രമായി. 1963-ല്‍ വൈദികപട്ടം സ്വീകരിച്ചു. 1965-ല്‍ ഉപരിപഠനത്തിന് റോമിലേക്ക്, എക്യുമെനിക്കല്‍ തിയോളജിയില്‍ പിഎച്ച്.ഡി.യും പാസ്റ്ററല്‍ തിയോളജിയില്‍ ഡിപ്ലോമയും നേടിയ ഫാ. ഇഗ്‌നേഷ്യസ് 1970-ല്‍ നാട്ടില്‍ തിരിച്ചെത്തി. പത്തനംതിട്ടയ്ക്ക് അടുത്തുള്ള കുമ്പഴ ബഥനി ആശ്രമത്തില്‍ ശുശ്രൂഷ ആരംഭിച്ചു. ഒപ്പം കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയുമായി.

സേവന വീഥിയില്‍

കുമ്പഴയില്‍ മൗണ്ട് ബഥനി സ്‌കൂള്‍ ആരംഭിക്കുന്നത് അക്കാലത്താണ്. യുവജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇക്കാലയളവില്‍ അവസരം ലഭിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്ക് യുവജനങ്ങളുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് ഫാ. ഡൊമിനിക് സഖറിയായൊടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം.) ആരംഭിക്കാന്‍ ഫാ. ഇഗ്‌നേഷ്യസ് മുന്‍കൈയെടുത്തു. തിരുവനന്തപുരം, തിരുവല്ല, ബത്തേരി രൂപതകളില്‍ യുവജനപ്രസ്ഥാനങ്ങള്‍ വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.

എല്ലാ രൂപതകളിലും എം.സി.ഐ.എം എന്ന പൊതുനാമം കൊണ്ടുവന്നത് ഇഗ്‌നേഷ്യസച്ചന്റെ പരിശ്രമഫലമായാണ്. ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാ നിയോസ് അന്ത്യവിശ്രമം കൊള്ളുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിലേക്ക് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ റാന്നി – പെരുന്നാട് നിന്നും 1978-ല്‍ തീര്‍ഥാടന പദ യാത്രയ്ക്ക് തുടക്കം കുറിച്ച വ്യക്തിക ളിലൊരാളാണ് ഫാ. ഇഗ്നേഷ്യസ്.

1978-19-ലാണ് പത്തനംതിട്ട കേന്ദ്രമാക്കി ജില്ലവേണമെന്ന ആവശ്യം ആദ്യം ഉയരുന്നത്. കോന്നി എം.എല്‍ എ. ആയിരുന്ന പി.ജെ. തോമസിനൊപ്പം പത്തനംതിട്ട ജില്ലാ രൂപീകരണ അതിന്റെ പ്രാരംഭഘട്ടങ്ങളിലും അച്ചന്‍ ഉറച്ചു നിന്നു. 1980-ല്‍ ബഥനി സന്യാസി സമൂഹത്തിന്റെ പൊക്കുറേറ്റര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു. നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വ്യാപകമായി സ്ഥാപിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും അതിന് അംഗീകാരം ലഭിക്കുന്നതിന് സര്‍ക്കാരില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളും അവിസ്മരണീയങ്ങളാണ്.

കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ സംഘടിപ്പിച്ച് ഓള്‍ കേരളാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അസോസിയേഷന്‍ (അകംസാ) രൂപീകരിച്ചത് അച്ഛന്റെ നേതൃത്വത്തിലായിരുന്നു. അകംസായുടെ പ്രഥമ പ്രസിഡന്റ് ഫാ. ഇഗ്‌നേഷ്യസ് തങ്ങളത്തിലാണ്. മലങ്കര പുനരൈക്യ വാര്‍ഷികഘോഷവേളയിലെ പ്രേഷിത റാലി എന്ന ആശയവും അച്ഛന്റെ മനസ്സിലുദിച്ചതായിരുന്നു.

സഭയുടെ മാര്‍ഗദര്‍ശി

മലങ്കര കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരള ത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരെന്ന് തിരിച്ചറിഞ്ഞ സഭാധികാരികള്‍, അമേരിക്കന്‍ ഐക്യനാടുകളിലെ സഭാശുശ്രൂഷകള്‍ക്കായി 1984-ല്‍ ഇഗ്നേഷ്യസച്ചനെ റോക്ക്വില്‍ സെന്റര്‍ ലത്തീന്‍ രൂപതയിലെ ഹെഡ്മിസ്റ്റര്‍ ചാപ്ലയിന്റെ ചുമതല ഏല്പിച്ചു. അമേരിക്കയില്‍ വിവിധ പട്ടണങ്ങളില്‍ മലങ്കര കത്തോലിക്കാ മിഷനുകള്‍ക്കു തുടക്കം കുറിച്ച അച്ചന്‍ 1987 ജനുവരി മുതല്‍ മുംബൈ- പുനെ മിഷന്‍ സുപ്പീരിയറായി നിയമിതനായി. വൈദിക വിദ്യാര്‍ഥിയായിരിക്കുമ്പോഴേ പുനെയുടെ ഭൂമിശാസ്ത്രം സുപരിചിതമായിരുന്നതിനാല്‍ ഇഗ്‌നേഷ്യസച്ചന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സുഗമായിരുന്നു.

പിമ്പ്രി എന്ന സ്ഥലത്ത് ബഥനിമഠം, ബഥനി ആശ്രമം, നിര്‍മലാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ ആരംഭിച്ചു. കാലേവാടിയില്‍ വനിതാ ഹോസ്റ്റല്‍ തുടങ്ങി. പൂനാ മലങ്കര സമൂഹത്തില്‍ പുരോഗതിയും തീക്ഷണതയും വര്‍ധിച്ചപ്പോള്‍ അച്ചന് മുംബൈയിലേക്കായി നിയമനം. അച്ചന്‍ തുടക്കമിട്ട മുംബൈ-പൂനാ മലങ്കര കത്തോലിക്കാ കണ്‍വന്‍ഷനിലൂടെ മലങ്കര കാതോലിക്കാ സമൂഹം ശക്തിപ്പെട്ടു. മുംബൈയില്‍ ഒരു ഫ്‌ളാറ്റ് മാത്രം സ്വന്ത മായുണ്ടായിരുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് അച്ചന്റെയും സഹവൈദികരുടെയും പരിശ്രമഫലമായി ഇന്ന് ഉല്ലാസ് നഗറിലും സാക്കിനാക്കിയിലും സ്വന്തമായി ആശ്രമവും പള്ളികളുമുണ്ട്.

കാലവാടിയില്‍ ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസിനി സമൂഹവും അച്ചന്‍ ആരംഭിച്ചു. താനെയിലും സ്വന്തമായി സ്ഥലം വാങ്ങി പള്ളി പണിതു. 1990 കുവൈറ്റ് യുദ്ധാനന്തരം ധാരാളം മലയാളികള്‍ മുംബൈയിലേക്കു പ്രവഹിക്കുകയുണ്ടായി. അവരെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും പല സംഘടനകളും അറച്ചുനിന്നപ്പോള്‍ ഏകാംഗനയായി അച്ചന്‍ രംഗത്തിറങ്ങി. അഭയാര്‍ഥികള്‍ക്ക് താമസിക്കാനിടവും ഭക്ഷണവും നാട്ടില്‍ പോകാന്‍ യാത്രാക്കൂലിയും സംഘടിപ്പിച്ചു കൊടുത്തു. ഈ സംരംഭത്തിന് ചെലവായ ഭാരിച്ച സാമ്പത്തിക ബാധ്യത അച്ചന്‍ സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും ശേഖരിച്ചാണ് വീട്ടിയത്.

നാടിന്റെ നായകന്‍

2000-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ഫാ. ഇഗ്‌നേഷ്യസ് ബഥനി മിശിഹാനുകരണം സന്യാസി സമൂഹത്തിന്റെ തിരുവല്ല ആശ്രമം സുപ്പീരിയറായി ചുമതലയേറ്റു. പൂവത്തൂര്‍ സെന്റ് മേരീസ് പള്ളിവികാരിയായും സേവനം ചെയ്തു. മലങ്കര കാത്തലിക് അസോസിയേഷന്‍ തിരുവല്ല അതിരൂപതയുടെ വൈദിക ഉപദേഷ്ടാവായി.

ഈ കാലയളവില്‍ എം.സി.എ. വെണ്ണിക്കുളം മേഖലാ സമി തിയുടെ നേതൃത്വത്തില്‍ പുല്ലാട് നിന്ന് ഇരവിപേരിലേക്ക് ആരംഭിച്ച നാല്‍പതാം വെള്ളിയിലെ കുരിശിന്റെ വഴി ശുശ്രൂഷയും നാടിന് അനുഗ്രഹമായി. പിന്നീട് വേങ്ങല്‍ പള്ളി വികാരിയായി നിയമിതനായി. 1997-ല്‍ കല്ലുപ്പാറ കേന്ദ്രീകരിച്ച് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ രൂപീ കരിച്ചപ്പോള്‍ ഫാ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെറിയാന്‍ രാമനാലില്‍ കോറെപ്പിസ്‌കോപ്പാ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായി. ‘സ്‌നേഹം മമ ദീപം’ എന്ന ആദര്‍ശവാക്യം പ്രാവര്‍ത്തികമാക്കിയ ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനം സഫലീകരിക്കാന്‍ വിവിധ പദ്ധതികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇഗ്നേഷ്യസച്ചന്‍ തുടക്കമിട്ടു. പ്രമുഖ വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും നല്കിവരുന്ന ആര്‍ച്ച് ബിഷപ് പുരസ്‌കാരവും ഇതില്‍ ഉള്‍പ്പെടും. ആലുവാ ബഥനി നവജ്യോതി പ്രൊവിന്‍സിന്റെ ചുമതലയില്‍ കവിയൂരിനടുത്ത കോട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഥനി ദിവ്യ കാരുണ്യാലയം അഗതിമന്ദിരത്തിന്റെ ഡയറ കറും ഫാ. ഇഗ്‌നേഷ്യസാണ്.

കാര്‍ഷിക മേഖലയില്‍ താല്‍പര്യമുണ്ടായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ്, വിദേശനാടുകളില്‍നിന്നും നാട്ടില്‍ കൊണ്ടുവന്നു പ്രചരിപ്പിച്ച വൃക്ഷത്തെകളും വിത്തുകളും ദിവ്യകാരുണ്യാലയത്തില്‍ ലഭ്യമാണ്. നല്ല വിളവും ഫലങ്ങളും ലഭിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ലഭിക്കും. മാഞ്ചിയം, റബ്ബര്‍ എന്നിവയും മാര്‍ ഗ്രിഗോറിയോസിന്റെ ജന്മനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യാലയ സമുച്ചയത്തിന് ചുറ്റുമുണ്ട്.

1994-ല്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് രോഗാവസ്ഥയിലായ പ്പോള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന റിസ്റ്റ് വാച്ച് ഇഗ്നേഷ്യസച്ചനെയാണ് ഏല്‍പിച്ചിരുന്നത്. 1994 ഒക്ടോബര്‍ പത്തിന് ഉച്ചകഴിഞ്ഞ് 4.20 നായിരുന്നു മാര്‍ ഗ്രീഗോറി യോസ് നിത്യതയിലേക്കു യാത്രയായത്. എല്ലാ ദിവസവും കൃത്യമായി സമയം കാണിച്ചിരുന്ന ആര്‍ച്ച് ബിഷപ്പിന്റെ വാച്ച്, അദ്ദേഹത്തിന്റെ മരണസമയമായ 1.20-ന് നിശ്ചലമായി. ആര്‍ച്ച് ബിഷപ് ഉപയോഗിച്ചിരുന്ന വിവിധ സാധനങ്ങളോടൊപ്പം ഈ വാച്ചും കോട്ടൂരിലെ മാര്‍ ഗ്രിഗോറിയോസ് തി നരിത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.

നവതി ആഘോഷിക്കുന്ന ഫാ. ഇഗ്നേഷ്യസ് തങ്ങളത്തിലിന് ആഴ്ചവട്ടം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നവതി ആശംസകള്‍…