തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാ‍ർത്ഥികൾ. അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ  മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. സിഇടി കോളേജിന് സമീപത്താണ് സംഭവം നടന്നത്. 

ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൾകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവി​ദ്യാർത്ഥിയാണ് ശബരീനാഥൻ.