ദുബൈ: ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജോണ്‍ എം തോമസ് (79) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ന് രാവിലെയും അദ്ദേഹം സ്‍കൂളിലെത്തിയിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കള്‍ വിന്‍ജോണ്‍, വില്‍സി. മരുമക്കള്‍ – രേണു, റീജോ. 

എഴുപതുകളില്‍ തന്നെ യുഎഇയില്‍ എത്തിയ അദ്ദേഹം 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപിച്ചത്. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് ജോണ്‍ എം തോമസിന്റെ വിയോഗമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി പ്രതികരിച്ചു. പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്‍കൂളിനെ മുന്നോട്ട് നയിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‍കൂള്‍ ഒരിക്കലും ഒരുൂ ബിസിനസായിരുന്നില്ല. കുട്ടികളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. സ്കൂളിലെ ഫീസ് സാധ്യമാവുന്നത്ര കുറയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഒരു കുട്ടിയുടെയും പഠനത്തിന് മുടക്കം വരരുതെന്ന നിര്‍ബന്ധത്തോടെ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഫീസിളവ് നല്‍കി. സ്‍കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ജോണ്‍ എം തോമസെന്നും അദ്ദേഹം അനുസ്‍മരിച്ചു.